കോഴിക്കോട് ഡിഎംഒ കസേരതര്‍ക്കത്തില്‍ ട്വിസ്റ്റ്; എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാൻ ഹൈക്കോടതി അനുമതി
ഡിഎംഒ സ്ഥാനത്ത് മുൻ ഡിഎംഒ എൻ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്. ഡോക്ടർ ആശാ ദേവിക്ക് പകരം ജില്ല മെഡിക്കൽ ഓഫീസറായി ഡോക്ടർ എൻ രാജേന്ദ്രൻ തിരിച്ചെത്തും. രാജേന്ദ്രൻ ഉൾപ്പെടെ സ്ഥലംമാറ്റപ്പെട്ട മൂന്നു പേര്‍ സമീപിച്ചതിനെ തുടർന്നു ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് തത്കാലികമായി തടഞ്ഞു.
ഈ മാസം 9ന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഈ മാസം പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്.
അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡി എം ഓ ആയി ചുമതലയേറ്റു. അവധിയിൽ ആയിരുന്ന ഡോക്ടർ ആശാ ദേവി ഡിഎംഒ ഓഫീസിൽ എത്തിയതോടെ ഒരു ഓഫീസിൽ രണ്ടു ഡിഎംഒ എന്നായി സ്ഥിതി. ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സർക്കാർ വീണ്ടും ഉത്തരവിറക്കി.
ഇതോടെയാണ് ഡോക്ടർ രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട, കണ്ണൂർ ഡിഎംഒ ഡോക്ടർ പിയുഷ് നമ്പൂതിരിയും അഡീഷണൽ ഡയറക്ടർ ഡോക്ടർ ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു.
പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. അടുത്ത മാസം 9നു ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്ന ട്രിബ്യൂണൽ വിധി പാലിക്കാതെയാണ് സർക്കാർ സ്ഥലംമാറ്റത്തിൽ വീണ്ടും ഉത്തരവ് ഇറക്കിയതെന്ന വാദം കോടതി അംഗീകരിച്ചു. സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.