Asianet News MalayalamAsianet News Malayalam

മൈനാഗപ്പള്ളി അപകടം; അജ്മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസലഹരി ഉപയോഗിച്ചു, മദ്യക്കുപ്പികൾ കണ്ടെത്തി

ഇതിനിടെ, പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Mynagappally hit and run case crucial evidence  found Ajmal and Sreekutty stayed in the hotel and used Synthetic drugs and liquor bottles were also found
Author
First Published Sep 20, 2024, 2:30 PM IST | Last Updated Sep 20, 2024, 2:30 PM IST

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്കെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ 14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും പൊലീസ് കണ്ടെത്തി. അപകടം നടന്നതിന്‍റെ തലേദിവസമാണ് പ്രതികള്‍ കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഈ മാസം മൂന്നു തവണ ഇതേ ഹോട്ടലിൽ ഇവര്‍ മുറിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിനിടെ, പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. നേരത്തെ രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

മനപ്പൂർവ്വമുള്ള നരഹത്യക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്.

റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.


മൈനാഗപ്പള്ളി വാഹനാപകടത്തിൽ നിര്‍ണായക വിവരം പുറത്ത്, കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം

 

Latest Videos
Follow Us:
Download App:
  • android
  • ios