ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയിൽ; അപകടകരമായി രൂപമാറ്റം വരുത്തിയതിന് വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തി
കൊല്ലം സ്വദേശികളായ തീർത്ഥാടകരാണ് രൂപമാറ്റം വരുത്തിയ വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. വാഹന ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി.
പത്തനംതിട്ട: മോട്ടോർ വാഹന നിയമംകാറ്റിൽ പറത്തി, അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തിൽ വലിയ തരത്തിൽ മാറ്റം വരുത്തി റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തും.
കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു ഈ അലങ്കാരമെല്ലാം. അപകടമുണ്ടാക്കും വിധം വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം