ഒരക്ഷരം പോലും മാറ്റമില്ല, പണിയാണ്, എട്ടിന്‍റെ പണി! കണ്ണൂരിൽ കെ സുധാകരനും എം വി ജയരാജനും അപര ശല്യം രൂക്ഷം
രണ്ട് ജയരാജന്മാരും ഒരു എം വി ജയരാജനുമാണ് ഒർജിനൽ എം വി ജയരാജന് പുറമേ പത്രിക നൽകിയിട്ടുള്ളത്
കണ്ണൂർ: നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ ഇക്കുറി അപരന്മാരുടെ വിളയാട്ടമാണ്. സാധാരണ അപരന്മാരെ പോലെയല്ല, ഇക്കുറി കണ്ണൂരിലെ അപരന്മാർ. യു ഡി എഫ് - എൽ ഡി എഫ് സ്ഥാനാർഥികളുടെ പേരിലെ ഒരക്ഷരം പോലും മാറ്റമില്ലാത്തവരാണ് ഇത്തവണത്തെ അപരന്മാർ. യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന് അതേ പേരും ഇനിഷ്യലുമുള്ള രണ്ട് അപരന്മാരാണ് ഉള്ളത്. എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജനാകട്ടെ അതേ പേരും ഇനിഷ്യലുമുള്ള ഒരു അപരനാണ് ഉള്ളത്. രണ്ട് ജയരാജന്മാരും ഒരു എം വി ജയരാജനുമാണ് ഒർജിനൽ എം വി ജയരാജന് പുറമേ പത്രിക നൽകിയിട്ടുള്ളത്.
അതേസമയം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചെന്നും സൂക്ഷ്മ പരിശോധന നാളെ നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങളും വാർത്താക്കുറിപ്പിലൂടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ
തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശ പത്രികയുടെ വിവരങ്ങൾ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം