അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയെന്ന് എംവി ​ഗോവിന്ദൻ; 'നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം'

അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

MV Govindan says that Anwar is an ax in the hand of the right wing; Party workers should come forward against PV anwar mla

ദില്ലി: പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോടാണ് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. 

അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതുവരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സർക്കാരിന് നൽകിയ പരാതിയായതിനാൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം എന്നായിരുന്നു പാർട്ടി നിലപാട്. ആദ്യ പരാതിയിൽ ശശിക്കെതിരെ പരാമർശമില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തി. താൻ നേരിട്ട് അൻവറിനെ വിളിച്ചു. 3ന് കാണാൻ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാർത്താ സമ്മേളനം നടത്തി. വാർത്ത സമ്മേളനവും, ആക്ഷേപവും തുടർന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നൽകി പാർട്ടി വാർത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

മലപ്പുറത്തെ നേതാക്കളാക്കളടക്കം അൻവറിനോട് സംസാരിച്ചു. അൻവറിൻ്റെ പരാതി കേൾക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാർട്ടി നയം. സർക്കാരും അതേ നയം സ്വീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടി അംഗം പോലും അല്ലാതിരുന്ന അൻവറിന് നല്ല പരിഗണന നൽകി. എന്നാൽ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങൾ ഉയർത്തി അൻവർ അപമാനം തുടർന്നു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രചാരവേല പാർട്ടിക്കും, സർക്കാരിനുമെതിരെ നടക്കുന്നു. പിണറായി ഉപജാപക സംഘത്തിൽ പെട്ടു. അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നീ ആരോപണങ്ങൾ അൻവർ ഉന്നയിച്ചു. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തി. സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി. വയനാട് ദുരന്തത്തെപ്പോലും സർക്കാരിനെതിരെ വിഷയമാക്കി. 

റിയാസിനെ പ്രകീർത്തിച്ച് അൻവർ ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇഎംഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആര് ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി, 'പലരും വകതിരിവില്ലാത്തവര്‍, അതിന്റെ ഹെഡ് ഓഫീസ് എഡിജിപി'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios