പോക്സോ കേസിൽ സുധാകരൻ കൂട്ടുപ്രതി, പീഡനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു, അതിജീവിതയുടെ മൊഴിയുണ്ട് : ഗോവിന്ദൻ
താൻ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു
തിരുവനന്തപുരം : മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റെ അവസ്ഥ. അതുകൊണ്ട് പ്രത്യേകം പറയുന്നില്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസിൽ മോണ്‍സണ്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് ഇന്നലെ കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോണ്‍സന് കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടിൽ വച്ച് മോൻസൻ പീഡിപ്പിക്കുന്നത്. തുടർ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടർന്നു. 2021 സെപ്റ്റംബറിൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നൽകുന്നത്. ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്തായിരുന്ന ലൈംഗിക ചൂഷണം. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പൊലീസ് അന്വേഷണത്തിൽ ചുമത്തപ്പെട്ട 13 വകുപ്പുകളിലും കുറ്റം തെളിഞ്ഞു. 5.25 ലക്ഷം രൂപയാണ് പിഴ. ഇത് പെൺകുട്ടിക്ക് നൽകണമെന്നും നിർദ്ദേശം.