നവ കേരള സദസ്സിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നൽകേണ്ട കാര്യമില്ല, ഇനിയും ഇടപെടില്ല: എംവി ഗോവിന്ദൻ

പാര്‍ട്ടി സംവിധാനം സ്വതന്ത്രമായി നിന്നുകൊണ്ട് ഏത് ഭരണ സംവിധാനത്തിന്റെയും ഭാഗമായി മുന്നോട്ട് പോകാൻ നല്ല ആര്‍ജ്ജവവും ശേഷിയും നേടണം

MV Govindan Nava Kerala sadass point blank CPIM kgn

കോഴിക്കോട് : നവകേരള സദസ്സിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവകേരള സദസ്സ് സർക്കാർ പരിപാടിയാണ്. പാർട്ടി പരിപാടിയാണെങ്കിൽ മാത്രമേ പാർട്ടി പ്രവർത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. പരിപാടികൾക്ക് സംരക്ഷണം നൽകാൻ പൊലീസ് തന്നെ ധാരാളമാണ്. ഇനിയും സിപിഎം പ്രവര്‍ത്തകര്‍ അതിന് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലേതടക്കമുള്ള തിരിച്ചടികൾ കേരളത്തിലെ പാർട്ടിക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ പാഠമാണ്. പാര്‍ട്ടി സംവിധാനം സ്വതന്ത്രമായി നിന്നുകൊണ്ട് ഏത് ഭരണ സംവിധാനത്തിന്റെയും ഭാഗമായി മുന്നോട്ട് പോകാൻ നല്ല ആര്‍ജ്ജവവും ശേഷിയും നേടണം. കേരളത്തിലെ പാർട്ടി പിണറായിക്ക് കീഴിൽ എന്നത് തെറ്റായ പ്രചാരണമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറും പിബി അംഗവുമാണ് പിണറായി വിജയൻ. പാര്‍ട്ടിക്കകത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹവും പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയപ്പോൾ ഗവർണർ വാഹനം നിർത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുണ്ടയെ പോലെയാണ് പെരുമാറിയത്. എന്നാൽ ഗവർണർക്കെതിരെ സമരം നടത്താൻ എസ്എഫ്ഐയെ സിപിഎം പ്രേരിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios