എംഎസ്എഫ് നേതൃത്വത്തിനെതിരെ ലീഗിന് വനിതാ നേതാക്കൾ നൽകിയ പരാതി പുറത്ത്, ഗൗരവതരമെന്ന് ഷാഹിദാ കമാൽ
സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ മുഴുവന്‍ സാന്നിധ്യത്തിലായിരുന്നു ഹരിത നേതാക്കളെ അവഹേളിച്ചത്. യാസര്‍ എടപ്പാളിന്‍റെ പേര് പറഞ്ഞായിരുന്നു ആക്ഷേപം.
കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ മുസ്ലീം ലീഗിന് നൽകിയ പരാതി പുറത്ത്. നേതാക്കള്‍ സ്ത്രീവിരുദ്ധവും അപലപനീയവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ മുഴുവന്‍ സാന്നിധ്യത്തിലായിരുന്നു ഹരിത നേതാക്കളെ അവഹേളിച്ചത്. യാസര്‍ എടപ്പാളിന്‍റെ പേര് പറഞ്ഞായിരുന്നു ആക്ഷേപം. ഞങ്ങള്‍ തീരുമാനിക്കുന്നത് മാത്രമെ നടത്താവൂ എന്നാണ് സംസ്ഥാന പ്രസിഡന്‍റ് പി. കെ നവാസ് അടക്കമുളളവരുടെ നിലപാട്. നവാസിന്‍റേത് നാക്കുപിഴയല്ലെന്നും പെണ്‍കുട്ടികളെ അധിക്ഷേപിക്കല്‍ തന്നെയാണെന്നും പരാതിയിൽ പറയുന്നു.
എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സ്മതിക്കാത്തവരാണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഈ പരാതിയില്‍ ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നോക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.
സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം.
അപമാനിച്ചെന്ന ഹരിത ഭാരവാഹികളുടെ പരാതി ഗൗരവമായി കാണുന്നുവെന്ന് ഷാഹിദാ കമാൽ പ്രതികരിച്ചു. സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നതാണ് പരാതി. വസ്തുത അന്വേഷിക്കും. ഗൗരവമായി പരാതിയെ കാണുന്നു.പൊതു സമൂഹത്തിന് നിരക്കാത്ത പരാമർശമാണ് നേതാക്കൻമാരുടെ ഭാഗത്തു നിന്നുണ്ടായത്.പരാമർശം നടത്തിയവർ സംഘടനാ നേതൃത്വത്തിലിരിക്കുന്നത് ശരിയാണോ എന്ന് നേതൃത്വം പരിശോധിക്കണമെന്നും ഇത് ഒറ്റപ്പെട്ട പരാമർശമായി കാണുന്നില്ലെന്നും വനിതാ കമ്മീഷൻ അംഗം കൂട്ടിച്ചേർത്തു.