വവ്വാൽ ഷെഡ്! ബസ് സ്റ്റോപ്പിനായി മുൻ ഇടത് എംപിയുടെ ഫണ്ടിൽ നിന്ന് ലീഗ് നേതാവിന് കിട്ടിയത് 40 ലക്ഷം
കരാറുകാരനായ ലീഗ് നേതാവിന് 40 ലക്ഷം രൂപ ബസ് സ്റ്റോപ്പ് നിർമ്മിച്ച വകയിൽ മൂവാറ്റുപുഴ നഗരസഭയാണ് നൽകിയത്
കൊച്ചി: മൂവാറ്റുപുഴയിൽ വവ്വാൽ ഷെഡെന്ന് നാട്ടുകാർ വിളിക്കുന്ന വൻ തുക ചെലവാക്കി നിർമ്മിച്ച ബസ് സ്റ്റോപ്പിനെ ചൊല്ലി വിവാദം മുറുകുന്നു. ഇടത് മുൻ എംപി ജോയ്‌സ് ജോർജ്ജിന്റെ ഫണ്ടിൽ നിന്ന് ലീഗ് പ്രാദേശിക നേതാവായ കരാറുകാരന് 40 ലക്ഷം രൂപയാണ് ബസ് സ്റ്റോപ്പ് നിർമ്മിച്ച വകയിൽ കിട്ടിയത്. വൻ അഴിമതി നടന്നെന്ന് ആരോപിച്ച് മുൻ എംപി ജോയ്സ് ജോർജ് പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. യുഡിഎഫ് മുൻ എംപിയെ കുറ്റപ്പെടുത്തുമ്പോൾ, ഇടതുമുന്നണി മൂവാറ്റുപുഴ നഗരസഭയെയും ഡീൻ കുര്യാക്കോസ് എംപിക്കും നേരെയാണ് വിരൽ ചൂണ്ടുന്നത്.
ജോയ്സ് ജോർജ്ജ് എംപിയായിരിക്കെയാണ് ബസ് സ്റ്റോപ്പ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. നിർവഹണ ചുമതല മൂവാറ്റുപുഴ നഗരസഭയ്ക്കും മേൽനോട്ട ചുമതല എറണാകുളം ജില്ലാ കളക്ടർക്കുമായിരുന്നു. അഞ്ച് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ പരമാവധി ചെലവ് കണക്കാക്കിയത് 10 ലക്ഷം രൂപയായിരുന്നു. പ്രായമായവർക്ക് ഇരിക്കാൻ അത്യാധുനിക സീറ്റുകള്‍, കംഫർട്ട് സ്റ്റേഷൻ, മൊബൈൽ ചാർജിങ്-വൈഫൈ അടങ്ങിയ സോളാർ സംവിധാനങ്ങളുമായിരുന്നു ബസ് സ്റ്റോപ്പിന്റെ പദ്ധതി രേഖയിൽ ഉണ്ടായിരുന്നത്.
എന്നാൽ നിർമ്മിച്ച് വന്നപ്പോൾ നാല് തൂണും അതിനു മുകളില്‍ ടൈൻസൈൻ ഫ്രാബ്രിക്സുമുള്ള കൂടാരം മാത്രമായി ബസ് സ്റ്റോപ്പ് ചുരുങ്ങി. അന്വേഷണം ആവശ്യപ്പെട്ട് ജോയ്സ് ജോർജ് പരാതി നൽകി. അന്വേഷിച്ചവരെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ ശൂന്യമെന്ന് റിപ്പോർട്ട് നൽകി. പദ്ധതിയിൽ പറഞ്ഞത് പോലെയല്ല ബസ് സ്റ്റോപ്പ് നിർമ്മിച്ചതെന്നും കംഫർട്ട് സ്റ്റേഷനും പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമാക്കി. എന്നിട്ടും കരാറുകാരനായ ലീഗ് നേതാവിന് 40 ലക്ഷം രൂപ ബസ് സ്റ്റോപ്പ് നിർമ്മിച്ച വകയിൽ മൂവാറ്റുപുഴ നഗരസഭ നൽകുകയായിരുന്നു. പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്ന് ജോയ്സ് ജോർജ്ജ് വ്യക്തമാക്കി.
'വവ്വാൽ ഷെഡിന്' പിന്നിലെ അഴിമതി