Asianet News MalayalamAsianet News Malayalam

മൂന്നാർ എക്കോ പോയിന്റിൽ ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികളെ ഹൈഡൽ ടൂറിസം ജീവനക്കാർ മർദിച്ചു

കൊല്ലത്തു നിന്നുള്ള 17 അംഗ സംഘമാണ് കഴിഞ്ഞ ദിവസം മൂന്നാറില്ലെത്തിയത്. ഇവർ ഉച്ചയ്ക്ക് ശേഷം എക്കോ പോയിന്റിലെത്തിയപ്പോഴാണ് ടിക്കറ്റിനെച്ചൊല്ലി തർക്കമുണ്ടായത്.

Munnar hydel tourism contract staff beat a group of tourists from kollam including old aged women and children
Author
First Published Sep 20, 2024, 8:39 AM IST | Last Updated Sep 20, 2024, 8:39 AM IST

ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യാങ്കളി

വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവർ എക്കോ പോയന്റിലെത്തി. ഇവിടെ പ്രവേശിക്കാൻ ഒരാൾക്ക് പത്ത് രൂപ വീതം നൽകി ഇനത്തിൽ പാസ് എടുക്കണമന്ന് ഹൈഡൽ ടൂറിസത്തിലെ കരാർ ജീവനക്കാർ ആവശ്യപ്പെട്ടു. ബോട്ടിൽ കയറാത്തവർ മാത്രം പാസ്സെടുത്താൽ പോരെയെന്ന തർക്കമാണ് പ്രകോപനത്തിന് വഴിവച്ചത്. 

കരാർ ജീവനക്കാരനും ഗൈഡുകളും ചേർന്ന് അസഭ്യവർഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നജീമ എന്ന വയോധികയെ താഴേക്ക് തള്ളിയിച്ച് ചവിട്ടി പരിക്കേൽപ്പിച്ചു. ഒരു കുഞ്ഞിന് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്സൽ, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസിൽ എന്നിവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റെന്ന പരാതിയിൽ ഹൈഡൽ ടൂറിസം ജീവനക്കാരും ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് കേസ്സെടുത്തു. ഹൈഡൽ ടൂറിസം ജീവനക്കാരുടെ അനാവശ്യ പണപ്പിരിവിനെതിരെ നേരത്തെയും നിരവധി പരാതി ഉയർന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios