മുനമ്പത്തെ തർക്കഭൂമി രാജാവ് പാട്ടം നൽകിയതെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്ന് ട്രൈബ്യൂണൽ; കേസിൽ നിർണായകം

മുനമ്പം കേസിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകൾ പരിശോധിക്കണമെന്ന് ആദ്യമായാണ് നിയമസംവിധാനം ആവശ്യപ്പെടുന്നത്

Munambam land issue Wakf Tribunal asks for detailed investigation of  land documents

കോഴിക്കോട്: മുനമ്പത്തെ തർക്ക ഭൂമിയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. 

വടക്കൻ പറവൂർ സബ് കോടതി മുതൽ ഹൈക്കോടതിയിൽ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിൻ്റെ സുപ്രധാന നിരീക്ഷണം. നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകൾ പരിശോധിക്കണമെന്ന് ആദ്യമായാണ് നിയമസംവിധാനം ആവശ്യപ്പെടുന്നത്. ഭൂമി വഖഫ് നൽകിയ 1952 മുതലുള്ള ഭൂരേഖകളാണ് കോടതികൾ ഇതുവരെ പരിഗണിച്ചത്. 1902ൽ സേഠ് കുടുംബത്തിന് തിരുവിതാംകൂർ രാജാവ് ഭൂമി കൈമാറിയത് പാട്ടകരാർ പ്രകാരമാണെങ്കിൽ വഖഫ് രജിസ്ട്രേഷൻ നിലനിൽക്കുമോയെന്ന് ഇന്ന് ട്രൈബ്യൂണൽ ചോദിച്ചു. 

അബ്ദുൾ സത്താർ സേഠിന് പാട്ടം പ്രകാരം താത്കാലിക ഉടമസ്ഥത മാത്രമേ ഭൂമിക്ക് മേൽ ഉണ്ടായിരുന്നുള്ളൂവെന്ന വാദം ഉയർന്നാൽ അത് നിർണായകമാകും. 1902ലെ കൈമാറ്റം പാട്ട കരാർ ആണോ ഇഷ്‌ടദാനമാണോയെന്നത് കേസിൽ പ്രധാനം ആണെന്ന് കോടതി വിലയിരുത്തി. ഇത് തെളിയിക്കുന്ന രേഖകൾ ഹാജാരാക്കാനും വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. മുനമ്പം വിഷയം സമൂഹത്തിൽ വിവാദ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിൽ മുഴുവൻ രേഖകളും പരിശോധിക്കേണ്ടത് ആവശ്യമെന്ന് കോടതി വിലയിരുത്തി. 

ഭൂമി വഖഫ് തന്നെയെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും സേഠ് കുടുംബം കോടതിയിൽ വാദിച്ചു. സേഠ് കുടുംബം ഭൂമി ഇഷ്ടദാനം നൽകിയതാണെന്ന് ഫറൂഖ് കോളേജ് ആവർത്തിച്ചു. ഭൂമിയിൽ നേരിട്ട് ഉടമസ്ഥത ഇല്ലാത്ത വഖഫ് സംരക്ഷണ സമിതി കേസിൽ കക്ഷി ചേരുന്നതിനെയും ഫറൂഖ് കോളേജ് എതിർത്തു. ട്രൈബ്യൂണൽ ആസ്ഥാനമായ കോഴിക്കോടിന് പുറമെ കേസിന്റെ തുടർസിറ്റിംഗുകൾ കൊച്ചിയിൽ നടത്തുന്നത് പരിഗണിക്കുമെന്നും ചെയർമാൻ പറഞ്ഞു.കേസ് വരുന്ന 25ന് വീണ്ടും പരിഗണിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios