'ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്, കാരണം സോണിയഗാന്ധിയെ അറിയിക്കും' : മുല്ലപ്പള്ളി

ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  , വ്യക്തിപരമായി ആരോടും വിരോധമില്ല, ആശയഭിന്നത മാത്രം

Mullappally says wiil inform sonia gandhi regarding Chinthan sibir absence

കോഴിക്കോട്; കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടു നിന്നതിനെച്ചൊല്ലി വിവാദം മുറുകവേ പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. 'നാളത്തെ കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്.അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്.  അതിന്‍റെ പ്രാധാന്യം എനിക്കറിയാം. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്'- മുല്ലപ്പള്ളി പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്‍റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും- മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്‍റാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

'ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലെയും വിജയം ലക്ഷ്യം', ചിന്തന്‍ ശിബിരത്തിന് സമാപനം

യുഡിഎഫ് വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിന് കോഴിക്കോട്ട് സമാപനം. ഇടതുമുന്നണിയില്‍ അതൃപ്തരായി തുടരുന്ന കക്ഷികളെ യുഡിഎഫിലെത്തിക്കാന്‍ നീക്കം നടത്തും. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഉറപ്പാക്കാന്‍ ഊന്നല്‍ നല്‍കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ നടത്തിയ ചിന്തന്‍ ശിബിരത്തിലെ നയ പ്രഖ്യാപനത്തില്‍ പറയുന്നു. 

അഞ്ച് സെഷനുകളിലായി രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാന്‍ ലക്ഷ്യമിട്ടുളള ചിന്തന്‍ ശിബിരം പ്രഖ്യാപനം. പാര്‍ട്ടി പുനസംഘടന, മുന്നണി വിപുലീകരണം, പാര്‍ട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കല്‍ തുടങ്ങി സമയ ബന്ധിതവും പ്രായോഗികവുമായ കര്‍മ പദ്ധതിയാണ് ചിന്തന്‍ ശിബിരം പ്രഖ്യാപനമെന്ന നിലയില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ അവതരിപ്പിച്ചത്. മുന്നണി വിട്ട ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നീ കക്ഷികളെ തിരികെ കൊണ്ടുവരണമെന്നായിരുന്നു വി. കെ ശ്രീകണ്ഠന്‍ എംപി അധ്യക്ഷനായ രാഷ്ട്രീയ കാര്യ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. 

അഞ്ച് സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ മിഷന്‍ 2024 എന്ന പേരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുളള ചര്‍ച്ചകള്‍ക്കായിരുന്നു ഊന്നല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി  പ്രത്യേക കമ്മിറ്റി നിലവിൽ വരും. എഐസിസി നിഷ്കകര്‍ഷിക്കുന്ന സമയക്രമം വച്ച് പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കും. രാഷ്ട്രീയ കാര്യസമിതിയുടെ മാതൃകയില്‍ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സമിതികള്‍ വരും.  യുവാക്കള്‍ക്കും വനിതകള്‍ക്കും എല്ലാ ഘടകങ്ങളിലും അവസരം ഉറപ്പാക്കും. ബൂത്ത് തലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തരെ ഉറപ്പാക്കും. ഇക്കാര്യങ്ങള്‍ക്കായി ആറ് മാസം നീളുന്ന വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കെ എസ് യൂ പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്താനും ചിന്തന്‍ ശിബിരില്‍ ധാരണയായി. 

മുന്നണി വിപുലീകരിക്കും, ബൂത്ത് തലം വരെ പുനസംഘടന;മോദി-പിണറായി സർക്കാരുകളെ കടന്നാക്രമിച്ചും ചിന്തൻ ശിബിരം

Latest Videos
Follow Us:
Download App:
  • android
  • ios