മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 തിന് തുറക്കും, ഇടുക്കി തുറക്കുന്നത് പരിഗണനയിൽ; ജാഗ്രതാ നിർദ്ദേശം

രണ്ടു ഷട്ടറുകൾ 30 സെ.മീ തുറക്കും. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

mullaperiyar dam shutter opening today  5 august 2022

ഇടുക്കി : മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫി്നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; വലിയ ഡാമുകളിൽ ആശങ്കയില്ല

നിലവിൽ 137.15 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9,116 ക്യുസെക്സ് വെള്ളമാണ് ഡ‍ാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് അനുസരിച്ച് 137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റവന്യൂ മന്ത്രി കെ രാജനും വിശദീകരിക്കുന്നത്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങളും സജ്ജമാക്കിയതായും ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തതായും മന്ത്രി അറിയിച്ചു. 

ശക്തമായ മഴ: ആലപ്പുഴയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമെത്തും

കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീമീറ്റാറായി ഉയർത്തും

കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യമുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് -അഞ്ച് ) രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ  80സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓഗസ്റ്റ് നാലിന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ  ജാഗ്രത പാലിക്കണം. 

മലമ്പുഴ ഡാം ഉടൻ തുറക്കില്ല

പാലക്കാട് മഴ കുറഞ്ഞ സാഹചര്യത്തിൽ മലമ്പുഴ ഡാം ഉടൻ തുറക്കില്ല. രാവിലെ 9 മണിയോടെ ഡാം തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios