Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണം; തിരുവോണ ദിനത്തിൽ ഉപവാസ സമരം

നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുൻനിര്‍ത്തി കേന്ദ്ര ഡാം സുരക്ഷ മാനദണ്ഡ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു

mullaperiyar dam controversy latest news hunger strike in upputhara for decommissioning mullaperiyar dam and to construct new dam
Author
First Published Sep 15, 2024, 2:38 PM IST | Last Updated Sep 15, 2024, 2:38 PM IST

ഇടുക്കി: കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യവുമായി മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ ഉപവാസ സമരം നടത്തി ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാർ സമര സമിതിയും. വണ്ടിപ്പെരിയാറ്റിൽ നടക്കുന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.  ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിന്‍റെ നേതൃത്വത്തിലാണ് ഉപവാസ സമരം.  

നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുൻനിര്‍ത്തി കേന്ദ്ര ഡാം സുരക്ഷ മാനദണ്ഡ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് സമരത്തിലെ ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുത്തു.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം. 13 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു. വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

മുല്ലപ്പെരിയാർ സുരക്ഷ പരിശോധനയിൽ കേരളത്തിന്‍റെ നിരന്തര ആവശ്യം ഫലം കണ്ടുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. വർഷങ്ങളായുള്ള ആവശ്യമാണ് കേരളത്തിന്‍റേത്. കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിനു ജലവും എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും അവധിയില്ലാതെ സെക്രട്ടറിയേറ്റ് സമരങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios