എം ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് അഞ്ചിന്; പൊതുദർശനം വൈകിട്ട് നാലെ വരെ കോഴിക്കോട്ടെ വീട്ടിൽ
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം ടി വാസുദേവൻ നായരുടെ മൃതദേഹം നാളെ വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം നാളെ വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു.
തൻ്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാൽ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും നില ഇന്ന് വഷളായി. ഇതോടെ ആരോഗ്യനില കൂടുതൽ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.