കോഴിക്കോട്ടെ എംടിയുടെ പ്രസംഗം: 20 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വാചകങ്ങൾ, കെട്ടടങ്ങാതെ വിവാദം
ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനമാണ് കഴിഞ്ഞ ദിവസം എംടി പ്രസംഗമായി അവതരിപ്പിച്ചത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്: കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എഴുത്തുകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗം 20 വർഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ ലേഖനം. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനമാണ് കഴിഞ്ഞ ദിവസം എംടി പ്രസംഗമായി അവതരിപ്പിച്ചത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്ത ഭാഗത്തും പറഞ്ഞ ചില വാചകങ്ങൾ മാത്രമാണ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് എം.ടി പ്രസംഗിച്ചത്. തുടർന്ന് എംടിയുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന വ്യാഖ്യാനമുണ്ടായി.
ഇന്നലെ സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദില്‍ പിണറായി വിജയന്‍ ഇരിക്കെയാണ് എം ടി വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതിരോധത്തിനൊരുങ്ങുകയാണ് ഇടത് ക്യാമ്പ്. എം ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്. എം ടി ഇക്കാര്യം അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വ്യക്തമാക്കുന്നത്. വിവാദത്തിൽ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു.