ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എയ്ഡഡ് സ്കൂൾ അധ്യാപകരിലേക്കും; എംഎസ് സൊല്യൂഷൻസുമായി സഹകരിച്ചവരുടെ വിവരം ശേഖരിച്ചു
എം എസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്കൂൾ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു.
തിരുവനന്തപുരം : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവർത്തിച്ച എയ്ഡഡ് സ്കൂൾ അധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു. എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനലിൽ ക്ലാസുകൾ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്കൂൾ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.
എസ്എസ്എൽസിയുടെയും പ്ളസ് വണിൻറെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകൾ ചോർത്തി നൽകിയത്. ഏറ്റവും അധികം ചോദ്യങ്ങൾ വന്ന എംഎസ് സൊല്യഷൻസ് ആണ് സംശയനിഴലിലായത്. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം ഉയർന്നതിന് പിന്നലെ പ്രവർത്തനം തത്കാലികമായി നിർത്തി വെച്ച എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. എസ് എസ് എൽ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യം പ്രവചിച്ചുകൊണ്ടുള്ള ലൈവ് ക്ലാസ് സ്ഥാപനത്തിന്റെ സി ഇ ഒ ശുഹൈബാണ്എടുത്തത്. ഈ ക്ലാസിൽ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നുവെന്ന് കെ എസ് യു ആരോപിച്ചു. ചോദ്യപേപ്പർ ചോർത്തി പുതിയ രീതിയിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നും കെ എസ് യു ആരോപിച്ചു.