'വഞ്ചനയും അവഗണനയും മൂലം എല്ലാം നഷ്ടമായ ഒരമ്മയുടെ ആഗ്രഹം' വാളയാർ കേസിലെ പുതിയ പ്രോസിക്യൂട്ടർക്ക് അമ്മയുടെ കത്ത്
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഏറ്റെടുക്കരുത് എന്നാവശ്യപ്പെട്ട് വാളയാര്‍ കുട്ടികളുടെ അമ്മ അഡ്വ. പയസ് മാത്യുവിന് തുറന്ന കത്തെഴുതി.
കൊച്ചി: കേസിന്റെ വിചാരണക്ക് വിശ്വാസമുള്ള വക്കീലിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം ആവര്‍ത്തിച്ച് വാളയാർ കുഞ്ഞുങ്ങളുടെ അമ്മ. പലവട്ടം ഉയർത്തിയ ആവശ്യവും തുടർന്നുള്ള ഹൈക്കോടതിയുടെ ഉത്തരവുകളും ലംഘിച്ചുകൊണ്ടും അഡ്വ. പയസ് മാത്യുവിനെ നിയമിച്ച സർക്കാർ നടപടി കേസ് വീണ്ടും അട്ടിമറിക്കാനുള്ള സ്ഥാപിത താൽപര്യമാണ് വ്യക്തമാക്കുന്നതെന്ന് വാളയാർ നീതി സമര സമിതിയും ആരോപിച്ചു. അതേസമയം, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഏറ്റെടുക്കരുത് എന്നാവശ്യപ്പെട്ട് വാളയാര്‍ കുട്ടികളുടെ അമ്മ അഡ്വ. പയസ് മാത്യുവിന് തുറന്ന കത്തെഴുതി.
കത്തിങ്ങനെ...
ബഹുമാനപ്പെട്ട അഡ്വ. പയസ് മാത്യുവിന്,
ഞാനാണ്, വാളയാറിൽ അട്ടപ്പള്ളത്ത് 2017 ജനുവരി 13 നും മാർച്ച് 4 നും ഒറ്റമുറിവീട്ടിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട 9 ഉം 13 ഉം വയസായ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ച് വിചാരണ ചെയ്യപ്പെട്ട കേസിലെ എല്ലാ പ്രതികളേയും 2019 ഒക്ടോബറിൽ കോടതി വെറുതേ വിട്ടപ്പോൾ പൊട്ടിക്കരയാൻ മാത്രമാണ് എനിക്കു കഴിഞ്ഞത്. പൊലീസും പ്രോസിക്യൂഷനും ഗുരുതരമായ കൃത്യവിലോപം നടത്തിയതിനാലാണ് പ്രതികളെല്ലാം രക്ഷപ്പെട്ടത് എന്ന വസ്തുത കേരള ഹൈക്കോടതി പോലും കണ്ടെത്തിയതാണ്.
കൊലപാതകത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ടിൻ്റെ നിർദ്ദേശങ്ങളും മറ്റു സാഹചര്യത്തെളിവുകളും അവഗണിച്ചു കൊണ്ട് കുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പൊതു സമൂഹ പിന്തുണയോടെ ഞാൻ നടത്തിയ ഹൈക്കോടതിയിലെ പോരാട്ടങ്ങൾ വഴിയാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഏറെ പ്രതീക്ഷയോടെ ഞാനും കേരളീയ പൊതുസമൂഹവും കാത്തിരുന്നു. എന്നാൽ സിബിഐ തയ്യാറാക്കിയ കുറ്റപത്രം കേരളാ പൊലീസിൻ്റേതു പോലെ കുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു. ആ കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി.
പുതിയ സി ബി ഐ സംഘം കേസ് അന്വേഷിച്ചു വരികയാണ്. ഈ കേസിൽ എനിക്കു വിശ്വാസമുള്ള ഒരു അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കണം എന്ന ആവശ്യവുമായി ഞാൻ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ബഹു. കേരള ഹൈക്കോടതിയിൽ ഇതിനായി നൽകിയ ഹർജിയിൽ ഇരകളുടെ വിശ്വാസം നേടാൻ കഴിയുന്ന ഒരു അഭിഭാഷകനെ നിയമിക്കണം എന്ന നിർദ്ദേശവും ബഹു കോടതി നൽകിയിരുന്നതാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പോലും ഇരകൾക്ക് വിശ്വാസമുള്ള അഭിഭാഷകരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച കീഴ് വഴക്കമാണ് ഉള്ളത്.
ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിലും അട്ടപ്പാടി മധു കൊല്ലപ്പെട്ട കേസിലുമെല്ലാം സ്വീകരിച്ച നിലപാട് എന്റെ കുഞ്ഞുങ്ങളുടെ കേസിലും ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു. ഏറെ തവണ പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വഞ്ചനയും അവഗണനയും മൂലം എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടെ ആഗ്രഹമാണിത്. ഇനിയൊരിക്കൽ കൂടി വഞ്ചിക്കപ്പെടരുത് എന്ന ആഗ്രഹം മാത്രം. ഈ കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പോലും മറി കടന്നുകൊണ്ട് അങ്ങയെ സ്പെഷ്യൻ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതായി പത്രവാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞു. ക്രിമിനൽ കേസ് നടത്തുന്നതിൽ അങ്ങക്കുള്ള പ്രാഗൽഭ്യത്തെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ഈ കേസിന്റെ കാര്യത്തിൽ എനിക്ക് അങ്ങയെ വിശ്വാസമില്ല. ഈ സാഹചര്യത്തിൽ അങ്ങ് ഈ ചുമതലയിൽ നിന്നും പിന്മാറണമെന്ന് ഞാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരമ്മയുടെ ഈ അപേക്ഷ അങ്ങ് നിരസിക്കയില്ലെന്ന പ്രതീക്ഷയോടെ .
(വാളയാര്‍ കുട്ടികളുടെ അമ്മ)
അട്ടപ്പള്ളം വാളയാർ