അവിവാഹിത, ഗർഭിണിയായി, മറച്ചുവെക്കാൻ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊന്നു; പത്തനംതിട്ടയിൽ അമ്മ അറസ്റ്റിൽ
ഗർഭിണിയായത് മറച്ചുവെക്കാൻ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു.
പത്തനംതിട്ട: തിരുവല്ലയില്‍ വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താൻ ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ അമ്മ നീതു.
ക്ലോസറ്റിൽ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയിൽ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഗർഭിണിയായത് മറച്ചുവെക്കാൻ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു.
സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്‍റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പൊലീസിനോട് സമ്മതിച്ചു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് ഇവർ മറച്ചുവെയ്ക്കുകയായിരുന്നു.