കാഞ്ഞങ്ങാട്ടെ നവകേരള സദസില്‍ മാത്രം 2800ലധികം പരാതികള്‍, മൂന്ന് മണ്ഡലങ്ങളിലും പരാതി പ്രവാഹം
കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നു മണ്ഡലങ്ങളിലായി നടുക്കുന്ന നവകേരള സദസില്‍ ഇതുവരെയായി 7500ലധികം പരാതികളാണ് ലഭിച്ചത്.ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ പേര് എത്തിയത് കാഞ്ഞങ്ങാട്ടെ നവ കേരള സദസ്സിനാണ്.
കാഞ്ഞങ്ങാട്: നവകേരള സദസില്‍ പരാതി പ്രവാഹം തുടരുന്നു. കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നു മണ്ഡലങ്ങളിലായി നടുക്കുന്ന നവകേരള സദസില്‍ ഇതുവരെയായി 7500ലധികം പരാതികളാണ് ലഭിച്ചത്. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ആണ് ഇന്ന് സദസ്സ് പൂർത്തിയായത്. തൃക്കരിപ്പൂരിൽ സദസ്സ് അൽപസമയത്തിനകം നവകേരള സദസ് തുടങ്ങും. നാളെ കണ്ണൂരിലെ പയ്യന്നൂരിൽ ആണ് ആദ്യ നവകേരള സദസ്. സിപിഎം സ്വാധീന മേഖലകളിലേക്ക് കടന്നതോടെ കൂടുതൽ ജന പങ്കാളിത്തമാണ് യാത്രയ്ക്ക് ഉണ്ടായത്. ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ പേര് എത്തിയത് കാഞ്ഞങ്ങാട്ടെ നവ കേരള സദസ്സിനാണ്. കാഞ്ഞങ്ങാട് നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 2800 ഓളം പരാതികളാണ്. ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ നവകേരള സദസിലും പരാതി പ്രവാഹമായിരുന്നു. നിരവധി പേരാണ് അവരുടെ ആവലാതികളുമായി നവകേരള സദസ്സിനെത്തിയത്.
പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ച് പ്രശ്ന പരിഹാരം തേടാന്‍ നിരവധി പേരാണ് നവകേരള സദസിലെത്തുന്നത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ വരെയുള്ള ആവശ്യങ്ങൾക്കായാണ് പലരും എത്തിയത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അനുഭവിക്കുന്ന പല ദുരിതങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പാട് പെടുന്നവര്‍, സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർ, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിൽ കുടുങ്ങിയവർ അങ്ങനെ പ്രതിസന്ധികൾക്കൊക്കെ പരിഹാരം പ്രതീക്ഷിച്ചാണ് നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് ആളുകളെത്തുന്നത്.
ഓരോ നവകേരള സദസിന്റെ വേദിക്ക് സമീപവും വിവിധ കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർക്കാണ് കൗണ്ടറുകളുടെ ചുമതല. പരാതികൾ കളക്ടറേറ്റിൽ എത്തിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. ജില്ലാതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ ഒരു മാസത്തിനകം തീർപ്പുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ചയ്ക്കകം പരാതിക്കാർക്ക് ഇടക്കാല മറുപടി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.