പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകള്‍, പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനും നീക്കം
തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്‍റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പുതിയ തെളിവുകളുമായി യുവതി രംഗത്ത്. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്‍റെ രേഖകളാണ് യുവതി പുറത്തുവിട്ടത്.
സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രിൽ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണൻ മുൻ മന്ത്രിയാണെന്ന വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായിൽ പ്രതിയായ ക്രിമിനൽ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്‌ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും യുവതി ആവശ്യപ്പെടുന്നു.
കേസിൽ ഇടപെടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ യുവതിയുടെ പുതിയ അഭിഭാഷകൻ കോടതിയില്‍ സമർപ്പിച്ചു. ഇതിനെ തുടര്‍ന്ന് അഭിഭാഷകർ തമ്മിൽ വാഗ്വാദം ഉണ്ടായപ്പോള്‍ ജഡ്ജി ഇടപ്പെട്ടു. തർക്കം വേണ്ട തീരുമാനം കോടതിയുടേതെന്ന് അഭിഭാഷകരോട് ജഡ്ജി വ്യക്തമാക്കി. യുവതിക്കായി ഹാജരാകാൻ അഭിഭാഷകനെ അനുവധിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണമെന്നും അഭിഭാഷകരോട് കാത്തിരിക്കാനും ജഡ്ജി അറിയിച്ചു.
അതേസമയം, ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ തീരുമാനം ഉടനെ ഉണ്ടാകും. മുംബൈ ദിൻഡോഷി കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ബിനോയിക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.