പേര് മൂർഖൻ ഷാജി, ദക്ഷിണേന്ത്യയാകെ തിരഞ്ഞ കൊടും ക്രിമിനൽ, അഞ്ച് വർഷമായി ഒളിവിൽ; ഒടുവിൽ പിടിയിൽ
മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രമുഖ കണ്ണിയും ദക്ഷിണേന്ത്യയിലാകെ നിരവധി കേസുകളിൽ പ്രതിയുമായ ഷാജിമോൻ പിടിയിൽ
തിരുവനന്തപുരം: പ്രമുഖ മയക്കു മരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡാണ് പിടിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി
നിരവധി കേസ്സുകളിൽ പ്രതിയായ മൂർഖൻ ഷാജി റിമാൻഡിൽ ആയിരിക്കെ ഹൈകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. പിന്നീട് എക്സസൈസ് വകുപ് സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കി. തുടർന്ന് ഇയാൾ ഒളിവിൽ പോയി. പശ്ചിമ ബംഗാൾ, ബീഹാർ, ഒഡിഷ, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞും തൂത്തുകൂടി വഴി ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരുന്നു ഇയാൾ.
നക്ക്സൽ മേഖലയിൽ ഉള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞു വന്ന ഷാജി, കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ വൻ തോതിൽ നിർമ്മിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വന്നിരുന്നു. പിന്നീട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തമിഴ്നാട് ശ്രീരംഗത്തു വന്ന ഷാജി എതിർ മയക്കു മരുന്ന് കടത്തു സംഘവുമായി നടന്ന സംഘർഷത്തെ തുടർന്ന് ശ്രീരംഗം പോലീസിന്റെ പിടിയിൽ ആയെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടു.
കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്തു നിന്ന് ഷാജി പിടിയിലാവുകയായിരുന്നു.