സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നു; ഗ്രാമങ്ങൾ കൊവിഡിനെതിരെ മികച്ച പ്രകടനം നടത്തിയെന്ന് പ്രധാനമന്ത്രി
മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ കൊവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ നമുക്ക് സാധിച്ചു
ദില്ലി: രാജ്യത്തെ ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നഗരങ്ങളെക്കാൾ മികച്ച പ്രവർത്തനമാണ് ഗ്രാമങ്ങൾ നടത്തിയത്. സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ കൊവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ നമുക്ക് സാധിച്ചു. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടിനടുത്ത് തൊഴിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മ നിർഭർ ഭാരത് കർഷകരെ സ്വയം പര്യാപ്തരാക്കി. കാർഷിക ഉത്പന്നങ്ങള് വിൽക്കുന്നത്തിനുള്ള തടസം നീക്കി. തൊഴിലാളികളെ രാജ്യം മനസിലാക്കുന്നത് കൊണ്ടാണ് ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ നടപ്പിലാക്കുന്നത്. അൻപതിനായിരം കോടിയുടെ പദ്ധതി ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നടപ്പിലാക്കും.
ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനം അനിവാര്യമാണ്. ഗ്രാമങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സേവനം എത്തിക്കും. ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അധികൃതരോടും മടങ്ങിയെത്തിയ തൊഴിലാളികളോടും അദ്ദേഹം സംസാരിച്ചു. ഇതിന് പുറമെ ഗുഡ്‌ഗാവിലെയും രാജസ്ഥാനിലെ അജ്മീറിലെയും തൊഴിലാളികളോട് അദ്ദേഹം സംസാരിച്ചു. ഗരീബ് കല്യാൺ റോസ്ഗാർ യോജന പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.