കേരളത്തിലെ കൊവിഡ് പ്രതിദിന കേസുകൾ 25000 വരെ ആയേക്കാം; കൂട്ട പരിശോധന ഫലം ഇന്ന് മുതൽ പ്രതിഫലിക്കും
കഴിഞ്ഞ രണ്ട് ദിവസം 3,00,971പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തിഅയ്യായിരം വരെ എത്താനിടയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നടത്തിയ കൂട്ട പരിശോധന ഫലം ഇന്ന് മുതല്‍ വന്നുതുടങ്ങുന്നതോടെ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും കുതിച്ചുയരും. ചികില്‍സയിലുള്ള രോഗികളുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലേക്കും ഉയരാനും സാധ്യതയുണ്ട്. പ്രതിരോധം ശക്തമാക്കാനായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും സ്വകാര്യ ആശുപത്രികളുമായി കൈകോർക്കാനും സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് ദിവസം 3,00,971പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തിഅയ്യായിരം വരെ എത്താനിടയുണ്ട്. അങ്ങിനെ വന്നാല്‍ കിടത്തി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും കൂടും. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും.
ഇത് മുന്നിൽ കണ്ടാണ് ഒന്നാംതല, രണ്ടാംതല ചികില്‍സ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നല്‍കിയത്. ഒപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. രണ്ടാംതരംഗത്തിലെ രോഗ വ്യാപനത്തിന്‍റെ കാരണങ്ങളിലൊന്ന് ജനിതക വ്യതിയാനം വന്ന വൈറസാണെന്ന നിഗമനത്തിലേക്കാണ് ആരോഗ്യവകുപ്പ് എത്തുന്നത്. അങ്ങനെയെങ്കില്‍ വാക്സിനേഷൻ മാത്രം രക്ഷയാകില്ല.
സംസ്ഥാനത്ത് ഇപ്പോൾ സ്റ്റോക്കുള്ള 3.25ലക്ഷം വാക്സീനുകള്‍ കൊണ്ട് മെഗാ വാക്സിനേഷൻ ക്യാംപുകൾ കൂടുതൽ സജീവമാക്കാനും കഴിയില്ല. അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സീൻ എത്തിച്ചില്ലെങ്കില്‍ രോഗ വ്യാപ തീവ്രത കുറയ്ക്കാനുള്ള കേരളത്തിന്‍റെ ഇടപെടലുകളും വേണ്ടത്ര ഫലം കാണില്ല.