പിണറായിയുമായുള്ള ബന്ധത്തെക്കുറിച്ച് മലയാളത്തിൽ ഒറ്റ വാചകത്തിൽ സ്റ്റാലിൻ പറഞ്ഞു! പിന്നാലെ പിണറായിയുടെ മറുപടി

വേദിയിൽ ആദ്യം സംസാരിക്കാനെത്തിയ സ്റ്റാലിനാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യം വിവരിച്ചത്. പിന്നാലെ പിണറായി വിജയനും അതിന് അടിവരയിട്ടു

mk stalin praises pinarayi vijayan, and replay asd

കോട്ടയം: കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായുള്ള ബന്ധത്തെക്കുറിച്ച് ഏവർക്കും അറിയുന്നതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഏപ്പോഴും പെരുമാറാറുള്ളത്. ഇന്ന് കോട്ടയത്ത് വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന വേദിയിലും ആ സൗഹൃദം വ്യക്തമാക്കുന്ന നിമിഷങ്ങൾക്ക് കൂടിയാണ് ഏവരും സാക്ഷ്യം വഹിച്ചത്. വേദിയിൽ ആദ്യം സംസാരിക്കാനെത്തിയ സ്റ്റാലിനാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യം വിവരിച്ചത്. പിന്നാലെ പിണറായി വിജയനും അതിന് അടിവരയിട്ടു.

വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള വേദിയിൽ മലയാളത്തിൽ സംസാരിച്ചാണ് സ്റ്റാലിൻ തുടങ്ങിയത്. ആദ്യം തന്നെ വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. പിന്നാലെയാണ് പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് തമിഴ് നാട് മുഖ്യമന്ത്രി സംസാരിച്ചത്. ഒറ്റ വാചകത്തിൽ 'ഉടൽ കൊണ്ട് രണ്ടു പേരെങ്കിലും ചിന്ത കൊണ്ട് ഞങ്ങൾ രണ്ടു പേരും ഒന്ന്' എന്നായിരുന്നു സ്റ്റാലിൻ ആ ബന്ധത്തെ വിവരിച്ചത്.

വേദിയിൽ സ്റ്റാലിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞ പിണറായി വിജയൻ ഇൻസ്റ്റഗ്രാമിലൂടെയും ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കി. ഇൻസ്റ്റയിൽ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച പിണറായി 'വിത്ത് മൈ ഡിയറസ്റ്റ് ബ്രദർ' എന്നാണ് കുറിച്ചത്. പ്രിയപ്പെട്ട സഹോദരനാണ് സ്റ്റാലിൻ എന്ന് പറഞ്ഞുകൊണ്ടുള്ള പിണറായി ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധയും കവരുകയാണ്.

അതേസമയം വൈക്കം സത്യാഗ്രഹത്തിന്‍റെ സമര സ്മരണകൾ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തത്. നാല്  മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്. വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹം തമിഴ്നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്നാട്ടിൽ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിയതെന്ന് അദ്ദേഹം വിവരിച്ചു. ചാതുർ വർണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല. സമരങ്ങളിൽ തമിഴ്നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂർവ്വ സമരമായിരുന്നു വൈക്കത്തേതെന്നും പിണറായി കൂട്ടിച്ചേർത്തു.

 

Latest Videos
Follow Us:
Download App:
  • android
  • ios