സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു; 'നാട്ടിലെ കാര്യങ്ങൾ അറിഞ്ഞില്ല, മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം'

സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടിൽ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു.

missing malayali soldier vishnu found from bengalooru reached kozhikode response

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടിൽ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറ‍ഞ്ഞു.

ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നൽകി. കഴിഞ്ഞ മാസം 17നാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലം​ഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios