ശമ്പളം വന്ന ഉടനെ പിൻവലിച്ചു, ഇത് നിർണായകമായി; വിഷ്ണുവിനെ കണ്ടെത്തിയത് എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെ
ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ വിഷ്ണുവിനെ നാട്ടിലെത്തിച്ചു.
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു. ഇത് നിർണായകമായി. വിഷ്ണുവിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് വിഷ്ണു മാറി നിൽക്കാൻ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ വിഷ്ണുവിനെ നാട്ടില്‍ തിരികെ എത്തിച്ചു. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നൽകി. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറഞ്ഞു.
കഴിഞ്ഞ മാസം 17നാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം