എസ്എഫ്ഐക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം, ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം
കേന്ദ്ര നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതെന്നും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും അതേ കാറ്റഗറിയിൽപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സജി ചെറിയാൻ
കൊല്ലം: സെനറ്റിലേക്ക് എബിവിപി വിദ്യാര്‍ത്ഥികളെ മെറിറ്റ് പരിഗണിക്കാതെ നാമനിര്‍ദ്ദേശം ചെയ്തത ചാൻസലറായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐയെ അഭിനന്ദിച്ച് സംസ്ഥാന മന്ത്രിമാര്‍. നവ കേരള സദസിനായി കൊല്ലത്ത് എത്തിയ മന്ത്രിമാരായ എംബി രാജേഷും പി രാജീവും സജി ചെറിയാനും എസ്എഫ്ഐ നിലപാടിന് പിന്തുണ അറിയിക്കുകയും ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
എസ് എഫ് ഐ ചെയ്തതിനെ അഭിനന്ദിക്കുന്നുവെന്ന് എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ അടിയന്തരാവസ്ഥയൊന്നും അല്ലല്ലോ? എസ് എഫ് ഐ ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ചാണ് സമരം ചെയ്യുന്നത്. എസ് എഫ് ഐ പ്രവർത്തകരെ വെടിവച്ച് കൊല്ലണമെന്നാണോ ബി ജെ പി പറയുന്നത്? ഗവർണർ കാറിൽ നിന്നിറങ്ങിയത് ആഹാ, ഗൺമാൻ ഇറങ്ങിയത് ഓഹോ എന്ന നിലപാടാണ് കോൺഗ്രസിന്. കോൺഗ്രസ് നേതാക്കൾ ഫേസ്ബുക്കിൽ നിന്ന് ഊർന്നിറങ്ങിയവരാണ്. ജനക്കൂട്ടമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. ആരെയും കൈകാര്യം ചെയ്യരുതെന്നാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട്. എന്നാൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വാഭാവികമായുള്ള പ്രതികരണമാണ്. അത് ഉണ്ടാകരുതെന്നാണ് പറയുന്നതെന്ന് എം ബി രാജേഷ് പറഞ്ഞു.
ചാൻസലർ പദവിക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. നിയമസഭ നൽകിയ പദവിയാണത്. എന്നാൽ കേരള ഗവര്‍ണര്‍ ചാൻസലർ പദവിയിൽ കടിച്ചു തൂങ്ങുകയാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഗവർണർ ജനറലാണെന്ന ധാരണയാണ് ഗവര്‍ണര്‍ക്ക്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാൻ പി രാജീവ് തയ്യാറായില്ല.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് മാന്യതയും മര്യാദയും കാണിക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ പ്രവർത്തകരുടെ ജീവൻ രക്ഷാപ്രവർത്തനം താൻ നേരിട്ട് കണ്ടിട്ടുണ്ട്. കേന്ദ്ര നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും അതേ കാറ്റഗറിയിൽപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സജി ചെറിയാൻ പറഞ്ഞു.