അബിഗേലിനെ നെഞ്ചോട് ചേർത്ത് കേരളം; മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു

minister veena george asked to give leave for abigail saras parents who are health workers SSM

കൊല്ലം: ഓയൂരില്‍ തിരിച്ചുകിട്ടിയ ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരായ അബിഗേലിന്‍റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു.

ഓയൂരില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. കേരളം കാത്തിരുന്ന വാര്‍ത്തയാണിത്. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയതെന്നും വീണാ ജോര്‍ജ് പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പൊലീസ് സേനയെ മന്ത്രി അഭിനന്ദിച്ചു.

ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കൊല്ലം എആര്‍ ക്യാമ്പിലെത്തി കുഞ്ഞിനെ പരിശോധിച്ചു. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വീഡിയോ കോളില്‍ സംസാരിച്ച് അബിഗേലും അമ്മയും; വൈകാരിക നിമിഷങ്ങള്‍

ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. അപ്പോഴേക്കും കുട്ടിയുടെ അച്ഛനുമെത്തി. ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരനൊപ്പം  ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങാതെ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു, ഒരുപക്ഷെ ഇനി രക്ഷപ്പെടാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios