'കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല,സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ'
ലിംഗസമത്വം സംബന്ധിച്ച എം കെ മുനീറിന്റെ പ്രസ്താവനയ്ക്ക് എതിരെ മന്ത്രി ശിവൻകുട്ടി.ലീഗ് നേതൃത്വം മുനീറിന്‍റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
തിരുവനന്തപുരം: ലിംഗ സമത്വം സംബന്ധിച്ച എം കെ മുനീറിന്‍റെ പരമാര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്.കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല.സി എച്ചിന്‍റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല..സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ.ലീഗ് നേതൃത്വം മുനീറിന്‍റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു മുനീറിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിവൈെഫ്ഐയും രംഗത്തെത്തി.മുനീറിൻ്റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണ്.നവോത്ഥാന പരിഷ്കരണങ്ങൾ ലീഗ് അംഗീകരിക്കുന്നില്ല.പ്രസ്താവന പിൻവലിച്ച് മുനീർ മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു
ലിംഗ സമത്വത്തിനെതിരെ (gender equality)താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം കെ മുനീർ(mk muneer).
എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോടാണ് എം കെ മുനീറിന്‍റെ ഈ പ്രതികരണം.തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്‍റെ ഘടന.
ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തിൽ അല്ല പറഞ്ഞതെന്നും എം കെ മുനീർ വിശദീകരിക്കുന്നു
സിപിഎം പാഠ്യ പദ്ധതിയിൽ മതനിരാസം ഒളിച്ചുകടത്തുകയാണ്. മതമില്ലാത്ത ജീവൻ എന്നതിനെ മറ്റൊരു രൂപത്തിൽ കൊണ്ടുവരുന്നു. മത വിശ്വാസികൾക്ക് സി പി എമ്മിൽ ഇടമില്ല. കെ.ടി ജലീലിനെ പാർട്ടിക്ക് പുറത്ത് നിർത്തുന്നതിന്‍റെ കാരണം മറ്റെന്തെന്നും മുനീർ ചോദിച്ചു
സി പി എമ്മുമായി ആശയപരമായി ചേർന്നുപോകാനാകില്ല. സിപിഎമ്മിന്‍റേയും ലീഗിന്‍റേയും ആശയങ്ങൾ വ്യത്യസ്തം ആണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളിൽ ഉള്ളെതെന്നും മുനീർ പ്രതികരിച്ചു. ഇന്നലെ എം എസ് എഫ് വേദിയിലാണ് ലിംഗസമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ സംസാരിച്ചത്
പെൺകുട്ടികളെ പാന്‍റും ഷർട്ടും ധരിപ്പിക്കുന്നതെന്തിന്? പിണറായി സാരി ധരിക്കുമോ? സാമൂഹ്യനീതിയാണ് വേണ്ടത്: മുനീർ
കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുനീർ പറഞ്ഞു. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചു.