Covid 19 : കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് മന്ത്രി
ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ (covid vaccine) എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.
വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ (Omicron) ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകമാണ്. നവംബർ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22ആം തിയതി. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22ന്. അതായത്, മാർഗനിർദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയവരുടെ വിവരം നിർണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.