ആധുനിക കൃഷി രീതി പരിചയപ്പെടാൻ ഇസ്രായേൽ യാത്ര; തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി പി പ്രസാദ്
രാഷ്ട്രീയ നിലപാടുകളുമായി ഇടതുപാര്‍ട്ടികൾക്ക് വിയോജിപ്പുള്ള ഇസ്രായേൽ ഇടതുമുന്നണിയിലെ മന്ത്രി സന്ദര്‍ശിക്കുന്നതിലെ എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വം സിപിഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് മന്ത്രിയ്ക്ക് തിരിച്ചടിയായത്.
തിരുവനന്തപുരം: ആധുനിക കൃഷി രീതി പരിചയപ്പെടുത്താൻ കര്‍ഷകരുമായി ഇസ്രായേൽ സന്ദര്‍ശിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി പി പ്രസാദ്. മന്ത്രിയില്ലാതെ കര്‍ഷകരും ഉദ്യോഗസ്ഥരും ഇസ്രായേലിലേക്ക് പോകും. രാഷ്ട്രീയ നിലപാടുകളുമായി ഇടതുപാര്‍ട്ടികൾക്ക് വിയോജിപ്പുള്ള ഇസ്രായേൽ ഇടതുമുന്നണിയിലെ മന്ത്രി സന്ദര്‍ശിക്കുന്നതിലെ എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വം സിപിഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് മന്ത്രിയ്ക്ക് തിരിച്ചടിയായത്.
സിപിഐ ദേശീയ നേതൃത്വവും കൃഷിമന്ത്രിയുടെ ഇസ്രായേൽ സന്ദര്‍ശനത്തിലെ ഔചിത്യമില്ലായ്മ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. 20 കര്‍ഷകര്‍ പോകുന്നതിൽ 13 പേരും സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്തത്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മാത്രം 55,000 രൂപയാണ് ഒരു കര്‍ഷകന് ചെലവ്. കൂട്ടമായി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ കിട്ടില്ല. ഇതും യാത്ര തുടരാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. ഇസ്രായേലിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് യാത്ര മാറ്റിവയ്ക്കുന്നുവെന്നായിരുന്നു നേരത്തെ കൃഷിമന്ത്രി നൽകിയ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ട് കോടി രൂപാ ചെലവിൽ ഇസ്രായേൽ സന്ദര്‍ശിക്കുന്നതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ നൂതന കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രായേലിലേക്ക് കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിദേശയാത്ര ആവശ്യമെങ്കിൽ നയപരമായി തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ, കർഷകർക്കുള്ള കുടിശ്ശിക തീർക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹർജി.