അനാരോഗ്യകരമായ ഭക്ഷണം രോഗിയാക്കും; ആരോഗ്യ കാര്യത്തിൽ സൂപ്പർസ്റ്റാർ, സൂപ്പർ ഫുഡും ചെറുധാന്യങ്ങളെന്ന് കൃഷിമന്ത്രി
ആരോഗ്യത്തിന്റെ കാര്യത്തിൽ സൂപ്പർസ്റ്റാറും സൂപ്പർ ഫുഡും ചെറുധാന്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വച്ച് നടക്കുന്ന ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ചകളോട് അനുബന്ധിച്ച് മില്ലറ്റ് കേക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കുന്നതിന് മില്ലറ്റിന്റെയും കൂണിന്റെയും പോഷക ഗുണങ്ങൾ പ്രയോജനകരമാണെന്നും ആരോഗ്യത്തിന്റെ കാര്യത്തിൽ സൂപ്പർസ്റ്റാറും സൂപ്പർ ഫുഡും ചെറുധാന്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎം ആറിന്റെ പഠനത്തിൽ നിന്നും 56 ശതമാനം രോഗങ്ങളും ഉണ്ടാകുന്നത് അനാരോഗ്യകരമായ ഭക്ഷണത്തിൽ നിന്നാണ്. രുചിയോടെ കഴിക്കുന്ന ഭക്ഷണം നമ്മളെ രോഗികളാക്കി മാറ്റുകയാണ്. ക്യാൻസർ ക്യാപിറ്റൽ ആയി കേരളം മാറുന്ന ആശങ്കയിലാണ് നമ്മൾ. ഭക്ഷണത്തെ വളരെ ഗൗരവമായി തന്നെ കാണണം. ആഹാരത്തോളം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊന്നുമില്ല. ചെറു ധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് 2023 ൽ അന്താരാഷ്ട്ര ചെറുധാന്യവർഷം ആചരിച്ചത്.
മിലറ്റ് കൃഷി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഒപ്പം മില്ലറ്റിന്റെ വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി കൃഷിക്കൂട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. നൂറിനു മുകളിൽ ഉത്പന്നങ്ങൾ മില്ലറ്റിൽ നിന്നും നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മില്ലറ്റ് കഫേകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്കിൽ 25 ഏക്കറിൽ മില്ലറ്റ് കൃഷിയും ആരംഭിച്ചു കഴിഞ്ഞു.
ചേർത്തലയിൽ മില്ലറ്റ് കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂണിൽ നിന്നുമുള്ള നിരവധി ഉൽപ്പന്നങ്ങളായ കൂൺ ഫ്രൈഡ് റൈസ്,കൂൺ കട്ലറ്റ്, കൂൺ അച്ചാർ, കൂൺ ചമ്മന്തി പൊടി, മില്ലറ്റ് കേക്ക് തുടങ്ങിയവയും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മോഹനൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷാജി, വി ഉത്തമൻ, അഡ്വ റിയാസ്, കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ സി എ അരുൺകുമാർ, ആലപ്പുഴ ജില്ലാകൃഷി ഓഫീസർ അമ്പിളി സി, ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവർത്തസജ്ജമായി 30 സ്മാർട്ട് അങ്കണവാടികൾ കൂടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും