തൃത്താലയിൽ ഭൂമികുലുക്കമുണ്ടായ സ്ഥലങ്ങൾ മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
ഭൂചലനമുണ്ടായ ചാഴിയാട്ടിരി, കക്കാട്ടിരി പ്രദേശങ്ങളില്‍ മെനിങ് ആന്റ് ജിയോജളി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
തൃശ്ശൂർ: തൃത്താലയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ വ്യാപകമായി ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തൂടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ലാ ഓഫീസര്‍ എം.വി വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആരോണ്‍ വില്‍സന്‍ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂചലനമുണ്ടായ ചാഴിയാട്ടിരി, കക്കാട്ടിരി പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി. പ്രദേശത്ത് വലിയ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആളപായമോ അപകടമോ ഉണ്ടായിട്ടില്ല.
ശനിയാഴ്ച രാവിലെ 8.15 ഓടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിൽ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉഗ്ര ശബ്ദം കേട്ട് ഞെട്ടിപ്പോയെന്നും കടയുടെ ഷീറ്റും ഉപകരണങ്ങളും ഉള്‍പ്പെടെ കുലുങ്ങിയെന്നും പാലക്കാടെ അരി മില്ലിലെ ഷബീര്‍ പെരുമണ്ണൂര്‍ പറഞ്ഞു.വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് ഭൂചലനമാണെന്ന് അറിഞ്ഞതെന്നും തൃശൂര്‍ സ്വദേശിയായ അഡ്വ. പ്രബിൻ പറഞ്ഞു. ഭൂചലനമുണ്ടായപ്പോള്‍ എന്താണെന്ന് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിയെന്നും ഏതാനും സെക്കന്‍ഡ് മാത്രമാണ് പ്രകമ്പനം ഉണ്ടായതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം