മേപ്പാടിയിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റ സംഭവം: ട്രാബിയോകിനെതിരെ നാർകോടിക് സെൽ അന്വേഷണം

അപർണയെ ആക്രമിച്ച സംഭവത്തിൽ 5 കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഇവർക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു

Meppadi SFI leader Aparna gauri beaten case Narcotic cell investigation on Trabioc gang

വയനാട്: മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. ക്യാമ്പസിനകത്ത് രൂപം കൊണ്ട ട്രാബിയൊക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണാ ഗൗരിയെ 40 ഓളം വരുന്ന സംഘം വളഞ്ഞിട്ട് മർദ്ദിച്ചത് മയക്കുമരുന്ന് സംഘത്തിനെതിരെ നിലപാട് എടുത്തത് കൊണ്ടാണെന്നാണ് ആരോപണം.

അപർണയെ ആക്രമിച്ച സംഭവത്തിൽ 5 കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഇവർക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ട്രാബിയോക് എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടവരാണ് അപർണയെ മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷം മുൻപാണ് ഓണാഘോഷങ്ങളുടെ ഭാഗമായി ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾ രൂപീകരിച്ചത്.  മൂന്നാം വർഷ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ പെൺകുട്ടികളടക്കം നൂറിലേറെ പേരുണ്ട്. 

ഈ സംഘത്തിലുൾപ്പെട്ട പലരും പതിവായി രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവർക്ക് ലഹരിമരുന്ന് ചെറിയ പൊതികളാക്കി ക്യാംപസിനകത്ത് വിൽക്കുന്ന ഗ്യാങ്ങിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. കോളേജിന് ഹോസ്റ്റൽ ഇല്ലാത്തതിനാൽ സമീപത്തെ വീടുകൾ വാടകയ്ക്ക് എടുത്താണ് കുട്ടികൾ താമസിക്കുന്നത്. ഈ മുറികളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലഹരി ഉപയോഗിച്ചതിന്‍റെ തെളിവുകൾ ലഭിച്ചു.  ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രാബിയോകിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോളേജിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 40 തോളം വിദ്യാർത്ഥികൾക്കെതിരെയാണ് മേപ്പാടി പോലീസ് കേസെടുത്തത്. മിക്കവരും ഒളിവിലാണ്. സംഭവത്തിൽ ലഹരി മാഫിയയുടെ പങ്കുണ്ടോയെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് ജില്ലാ പോലീസ് മേഥാവി ആർ. ആനന്ദ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios