ബൽറാമിനെ തോൽപിച്ച പോരാട്ട വീര്യം; രണ്ടാം പിണറായി സർക്കാരിൽ സഭാനാഥനാകാന്‍ എം ബി രാജേഷ്

രണ്ടു വട്ടം കൈവിട്ട തൃത്താല പിടിക്കാന്‍ സിപിഎം രാജേഷിനെ നിയോഗിച്ചതോടെ ഉന്നം വ്യക്തം. പിണറായി സര്‍ക്കാരില്‍ നിര്‍ണായക പ്രാതിനിധ്യം. പ്രധാന വകുപ്പുകള്‍ ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്പീക്കറായി എത്തുന്നു രാജേഷ്.

mb rajesh new speaker in kerala assembly

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തില്‍ സിപിഎമ്മിന്‍റെ ഉറച്ച പോരാളിയാണ് എംബി രാജേഷ്.  മികച്ച പാര്‍ലമെന്‍റേറിയനായി പേരെടുത്ത രാജേഷിനെ സിപിഎം ഏല്‍പ്പിക്കുന്നത് സഭാനാഥനെന്ന ചുമതല. പത്തുവർഷക്കാലം പാർലമെന്റ് അം​ഗമായി തിളങ്ങിയ അനുഭവ സമ്പത്തുമായിട്ടാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിക്കാനുള്ള ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നത്. 

പാലക്കാട് ജില്ലയില്‍ എ.കെ. ബാലന്‍, എന്‍.എന്‍. കൃഷ്ണദാസ്, പി.കെ. ശശി എന്നീ നേതാക്കളെ മത്സരരംഗത്തു നിന്നൊഴിവാക്കിയ തെരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും തൃത്താലയിലേക്കായിരുന്നു. രണ്ടു വട്ടം കൈവിട്ട തൃത്താല പിടിക്കാന്‍ സിപിഎം രാജേഷിനെ നിയോഗിച്ചതോടെ ഉന്നം വ്യക്തം. പിണറായി സര്‍ക്കാരില്‍ നിര്‍ണായക പ്രാതിനിധ്യം. പ്രധാന വകുപ്പുകള്‍ ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്പീക്കറായി എത്തുന്നു രാജേഷ്.

ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്ന മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടേയും കാറൽമണ്ണ മംഗലശ്ശേരി എം.കെ രമണിയുടേയും മകനായ രാജേഷിന്‍റെ ജനനം പഞ്ചാബിലെ ജലന്തറില്‍. കയിലിയാട് കെ.വി യുപി, ചളവറ ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും നേടി. എസ്എഫ്ഐ, ഡിവൈഎഫ്ഐയിലൂടെ സംഘടനാ രംഗത്തു വന്ന രാജേഷ് സിപിഎമ്മിന്‍റെ സംസ്ഥാന സമിതി അംഗം. സംഘടനാ പ്രവർത്തനരം​ഗത്തെ മികവും സമരവഴികളിൽ നിന്ന് ലഭിച്ച ഊർജ്ജവുമാണ് എംബി രാജേഷിന് നേതൃനിരയിലേക്കുയർത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.  

നിയമസഭയിലേക്ക് ആദ്യമാണെങ്കിലും പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ മികച്ച ട്രാക്ക് റെക്കോഡാണ് രാജേഷിന്‍റെ ബലം. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചു. ലോക്സഭയിലേക്കുള്ള  മൂന്നാമങ്കത്തില്‍ പരാജയപ്പെട്ട രാജേഷിന് ഇക്കുറി പാര്‍ട്ടി മുന്നില്‍ വച്ച ടാസ്ക് തൃത്താല പിടിക്കുകയായിരുന്നു. മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു കയറിയാണ് ഡിവൈഎഫ്ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന രാജേഷ് പാര്‍ട്ടിയുടെ വിശ്വാസം കാത്തത്. 

2009 ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ തന്നെ വിജയം. 2014 ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വീണ്ടും പാർലമെന്റിലേക്ക്. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പാർലമെന്റേറിയനെന്ന നിലയിൽ അദ്ദേഹം കാഴ്ച വെച്ചത്. ഇപ്പോൾ പത്ത് വർഷത്തെ യുഡിഎഫിന്റെ വിജയത്തെ തിരുത്തിക്കുറിച്ചാണ് തൃത്താലയിൽ നിന്ന് എംബി രാജേഷ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എംബി രാജേഷിന്റെ കുടുംബം.

mb rajesh new speaker in kerala assembly

കഴിഞ്ഞ  മന്ത്രിസഭയിലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്നും എം ബി രാജേഷിലേക്ക് നിയമസഭയുടെ നിയന്ത്രണം എത്തുമ്പോൾ കൗതുകം നിറഞ്ഞ ചില സാമ്യങ്ങൾ കൂടി സംഭവിക്കുന്നുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ശ്രീരാമകൃഷ്ണന്റെ തൊട്ടു പിന്നിൽ എംബി രാജേഷുമുണ്ടായിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് പി ശ്രീരാമകൃഷ്ണന്റെ പിൻ​ഗാമിയായിട്ടാണ് രാജേഷ് വിദ്യാർത്ഥി രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചേരുന്നത്. 

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എം ബി രാജേഷ് പ്രീഡി​ഗ്രി വിദ്യാർത്ഥിയായി എത്തുമ്പോൾ അവിടുത്തെ എസ്എഫ്ഐ നേതാവും ബിരുദ വിദ്യാർത്ഥിയുമായിരുന്നു പി. ശ്രീരാമകൃഷ്ണൻ.  എസ്എഫ്ഐയിൽ ശ്രീരാമകൃഷ്ണൻ ജില്ലാ പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് രാജേഷ് ജില്ലാ കമ്മിറ്റി അം​ഗം. പിന്നീട് ഡിവൈഎഫ്ഐയിൽ  ശ്രീരാമകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന സമയത്ത് രാജേഷായിരുന്നു ജില്ലാ സെക്രട്ടറി. പിന്നീട് ഇരുവരും ഒരുമിച്ച് സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശ്രീരാമകൃഷ്ണൻ ഒഴിഞ്ഞപ്പോൾ അതേ സ്ഥാനത്ത് എംബി രാജേഷെത്തി. ചരിത്രം ആവർത്തിക്കുകയാണ്. ഇപ്പോൾ  സഭാദ്ധ്യക്ഷ പദവി  ശ്രീരാമകൃഷ്ണനിൽ നിന്ന് എംബി രാജേഷ് ഏറ്റെടുക്കാനൊരുങ്ങുന്നു. ശ്രീരാമകൃഷ്ണന് ശേഷം സഭയും സ്പീക്കർ വസതിയായ നീതിയും  ഒരുങ്ങുന്നത് എം.ബി. രാജേഷിനെ സ്വീകരിക്കാൻ. 

 

Latest Videos
Follow Us:
Download App:
  • android
  • ios