മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ, ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ

മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ. 'മിണ്ടാനാണ് തീരുമാനം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ.  

 

mathrubhumi md shreyams kumar speaking in  Asianet news Mindananu Theerumanam special show 2023 apn

കോഴിക്കോട് :  എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ. 'മിണ്ടാനാണ് തീരുമാനം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ. എലത്തൂർ കേസിൽ മാതൃഭൂമി  ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയാണെന്ന് ശ്രേയാംസ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്നടിച്ചു. ഒരു പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്താനായി ജീവനക്കാരെ സമ്മർദ്ദപ്പെടുത്തിയെന്നും സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടുമടക്കില്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. 

'മിണ്ടാനാണ് തീരുമാനം' സ്പെഷ്യൽ പരിപാടി; അണിനിരന്ന് പ്രമുഖർ, ഒറ്റക്കെട്ടായി രാജ്യം

'ഒരു ഗവൺമെന്റിനെ വിമർശിച്ചാൽ, അവരുടെ നടപടികളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ വകുപ്പുള്ള രാജ്യത്താണ് നമ്മൾ നിൽക്കുന്നത്. റിപ്പോർട്ടർമാർക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂർ കേസിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ അടക്കംപിടിച്ചെടുത്തതും ജീവനക്കാർക്കെതിരെ കേസെടുത്തതും.

എലത്തൂർ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. ഏപ്രിൽ നാലിലെ സംഭവത്തിന് മെയിലാണ് എഫ് ഐ ആർ ഇടുന്നത്. ഇതിന് പുറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂർ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമം നടന്നു. ആ പൊലീസ് ഓഫീസറുടെ പേര് പറയാൻ ജീവനക്കാർക്ക് നേരെ പൊലീസ് സമ്മർദ്ദമുണ്ടായതെന്നും ശ്രേയംസ് കുമാർ തുറന്നടിച്ചു.

സൈബർ അറ്റാക്ക് വളരെയധികം നേരിടുന്ന ഒരു കാലത്തിൽ കൂടിയാണ് മാധ്യമങ്ങൾ കടന്ന് പോകുന്നത്. എത്ര സൈബറാക്രമണമുണ്ടായാലും മാധ്യമങ്ങൾ ചെയ്യേണ്ടത് അവർ ചെയ്യുക തന്നെ ചെയ്യും. സൈബർ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും  തകർക്കാനും വായടപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രേയാംസ് കുമാർ ആരോപിച്ചു. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios