മാത്യു കുഴൽനാടന്‍റെ കപ്പിത്താൻസ് ഡെയ്ൽ; പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച കെട്ടിടങ്ങളും റിസോർട്ടിന്‍റെ ഭാഗമാക്കി
ചിന്നക്കനാലിൽ കപ്പിത്താൻസ് ഡെയ്ൽ എന്ന പേരിലാണ് മാത്യു കുഴൽ നാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേർന്ന് റിസോർട്ട് നടത്തുന്നത്.
ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ റിസോർട്ടിൽ പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ റിസോർട്ടിൻ്റെ ഭാഗമാക്കി. 2018 ലാണ് ഈ കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. ചിന്നക്കനാലിൽ കപ്പിത്താൻസ് ഡെയ്ൽ എന്ന പേരിലാണ് മാത്യു കുഴൽനാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേർന്ന് റിസോർട്ട് നടത്തുന്നത്. മൂന്ന് കെട്ടിടങ്ങളാണ് ഇവിടുള്ളത്.
4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോർട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങൾ പാർപ്പിട ആവശ്യത്തിനും നിർമ്മിച്ചതാണെന്നാണ് പഞ്ചായത്ത് രേഖകളിലുള്ളത്. രണ്ട് പേർക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എൻഒസി നൽകിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ ഉൾപ്പെട്ട സംഘത്തിൻ്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആധാര പ്രകാരം പതിനെട്ട് ലക്ഷത്തി എൺപത്തി നാലായിരം രൂപക്കാണ് വാങ്ങിയിരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് തൻ്റെ കൈവശം ഈ റിസോർട്ടുൾപ്പെടെയുള്ള ഭൂമിയുണ്ടായിരുന്നുവെന്ന് മാത്യു കുഴൽനാടൻ തന്നെ സമ്മതിച്ചിരുന്നു.
വീട് വയ്ക്കാൻ എൻഒസി വാങ്ങിയ കെട്ടിടം റിസോർട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവും മാത്യു കുഴൽനാടൻ നടത്തിയിട്ടുണ്ട്. 2014 നു ശേഷം ചിന്നക്കനാൽ ഉൾപ്പെടെയുള്ള എട്ടു വില്ലേജുകളിൽ റവന്യൂ വകുപ്പിൻ്റെ എൻഒസി വാങ്ങിയ ശേഷമേ കെട്ടിടം നിർമ്മിക്കാനാകൂ. പട്ടയത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോൾ എൻഒസി നൽകുന്നത്. പലരും വീട് വയ്ക്കുന്നതിനായി എൻഒസി വാങ്ങി കെട്ടിടം പണിത ശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുമുണ്ട്. പുതിയ വീട് പണിയുന്നതിന് എൻഒസി അനുവദിക്കണമെന്നവശ്യപ്പെട്ട് ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷയും നൽകിയിട്ടുണ്ട്. അനുമതി നൽകാമെന്ന് കാണിച്ച് തഹസിൽദാർ റിപ്പോർട്ടും നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം