തോൽക്കില്ല നമ്മൾ; വയനാട്ടിലെ കളക്ഷൻ സെന്ററിൽ ശനിയാഴ്ച വരെ എത്തിയത് 593 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്
24 മണിക്കൂറും സജീവമായി മെറ്റീരിയല്‍ കളക്‍ഷന്‍ സെന്റര്‍
കൽപ്പറ്റ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹൈസ്കൂളില്‍ ആരംഭിച്ച അവശ്യസാധന കളക്ഷൻ സെന്റര്‍ 24 മണിക്കൂറും സജീവം. ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളും വ്യക്തികളും മറ്റും കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ ഇവിടെയാണ് സംഭരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രാപകലില്ലാതെയാണ് ഇവിടേക്ക് അവശ്യവസ്തുക്കളുമായി വാഹനങ്ങള്‍ എത്തുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 592.96 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്, 30,767പാക്കറ്റ് ബിസ്‌ക്കറ്റ്, 2947 ബെഡ് ഷീറ്റുകള്‍, 268 ഫീഡിങ് ബോട്ടില്‍, 3383 കിലോഗ്രാം ഗോതമ്പ് പൊടി, 1628 ബോട്ടില്‍ ഡെറ്റോള്‍, 1100 ബക്കറ്റുകള്‍, 2544 പായകള്‍, 430 ബേബി സോപ്പുകള്‍, 3979 കിലോഗ്രാം പച്ചക്കറികള്‍, 70229 ബോട്ടില്‍ കുടിവെള്ളം ഉൾപ്പടെയുള്ളവ ഇവിടേയ്ക്കെത്തിച്ചു.
ഇവയ്ക്കു പുറമേ കുട്ടികൾക്കുള്ള ഡയപ്പറുകൾ, സോപ്പ്, ഡെറ്റോൾ, പഞ്ചസാര, പരിപ്പ്, മെഴുകുതിരി, തുണിത്തരങ്ങൾ, ബ്രഷ്, ടൂത്ത് പേസ്റ്റ്, പുതപ്പുകൾ, ടോർച്ചുകൾ ഉൾപ്പടെയുള്ള വിവിധ അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും കേന്ദ്രത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങൾ ആവശ്യാനുസരണം കിറ്റുകളാക്കി വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
കിറ്റുകള്‍ നിറക്കുന്നതിലേക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, വീടുകളിലേക്കാവശ്യമായ ചെറിയ ഫര്‍ണിച്ചറുകള്‍, കുട്ടികള്‍ക്കാവശ്യമായ കളിപ്പാട്ടങ്ങള്‍, കളറിങ് ബുക്കുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇനി ആവശ്യമുള്ളത്. മാനന്തവാടി സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഇ അനിതാകുമാരി എന്നിവരുടെ ഏകോപനത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. 500 ലേറെ വളണ്ടിയര്‍മാരാണ് സേവന സന്നദ്ധരായി കളക്‍ഷന്‍ സെന്ററിലുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 30 ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം