കേരള കലാമണ്ഡലത്തിൻെറ ചരിത്രത്തിലാദ്യം, ഉത്തരവിറക്കി രജിസ്ട്രാർ, 120 താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട് വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കി
തൃശൂര്‍: സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താത്കാലിക ജീവനക്കാരോട് നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്ന് രജിസ്ട്രാറുടെ ഉത്തരവ്. കലാമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത്. ഒരു അധ്യായന വർഷത്തിന്‍റെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ആദ്യമാണ്.
കലാകേരളത്തിന്‍റെ അഭിമാനമായ കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്നതാണ് രജിസ്ട്രാറുടെ പുതിയ ഉത്തരവ്. 120 താത്കാലിക ജീവനക്കാരോടും നാളെമുതല്‍ ജോലിക്കു വരേണ്ടെന്ന് അറിയിച്ചു. പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഉത്തരവിലുണ്ട്. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി ഇതായിരുന്നു സ്ഥിതി. തനത് വരുമാന ശ്രോതസ്സുകള്‍ കണ്ടെത്താന്‍ നേരത്തെ നിര്‍ദ്ദേശം വരികയും ചെയ്തു. രണ്ടറ്റവും കൂട്ടിമുട്ടാതായതോടെയാണ് രജിസ്ട്രാറുടെ താത്കാലിക ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉത്തരവിറക്കിയത്. 140 കളരികളാണ് കലാമണ്ഡലത്തിലുള്ളത്. അറുപതിനടുത്ത് സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്. കളരികള്‍ മിക്കതും താത്കാലിക ജീവനക്കാരെ ഉപയോഗിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. എട്ടുമുതല്‍ എംഎ വരെയുള്ള പഠനവും കലാമണ്ഡലത്തിലുണ്ട്. പ്ലസ് ടുവരെ പൊതു വിദ്യാഭ്യാസവും നല്‍കുന്നുണ്ട്. പൊതു വിദ്യാഭ്യാസം നടന്നുപോകുന്നത് പൂര്‍ണമായും താത്കാലിക അധ്യാപകരെ കൊണ്ടാണ്. ഇവരെ പിരിച്ചുവിട്ടതോടെ വിദ്യാര്‍ഥികളുടെ സ്കൂളിങ് പൂര്‍ണമായും നിലയ്ക്കും.