മണിപ്പൂർ സംഘർഷം: ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; ദില്ലി വഴി നാട്ടിലെത്തിക്കുമെന്ന് കെവി തോമസ്
മണിപ്പൂരിലെ സർവകലാശാലകളിലും സംഘർഷം നടക്കുന്നുവെന്നാണ് മലയാളി വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുന്നത്
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളെ ദില്ലി വഴി നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. ദില്ലിയിലുള്ള കേരളത്തിന്റെ സ്പെഷൽ ഓഫീസർ പ്രൊഫ കെവി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒൻപത് മലയാളി വിദ്യാർഥികൾ സർക്കാരുമായി ബന്ധപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇവരിൽ ചില മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മണിപ്പൂരിലെ സർവകലാശാലകളിലും സംഘർഷം നടക്കുന്നുവെന്നാണ് മലയാളി വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുന്നത്. മണിപ്പൂരിൽ സംഘർഷം നടക്കുന്ന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് സർവകലാശാലകളിൽ സംഘർഷം നടക്കുന്നത്. സർവകലാശാലകളിലെ പല ഡിപ്പാർട്ട്മെന്റുകളും അടിച്ചു തകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചുവെന്നും ഹോസ്റ്റലുകളിലും സംഘർഷമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
രാത്രി കാലത്ത് വെടിയൊച്ചയും സ്ഫോടനവും കേൾക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ സംഘർഷം തുടരുന്നതിൽ വിദ്യാർത്ഥികളെല്ലാം ആശങ്കാകുലരാണ്. മെഡിക്കൽ കോളേജിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയിൽ ജന്തർ മന്തറിൽ മണിപ്പൂരിലെ മെയ്തേ വിഭാഗം പ്രതിഷേധിച്ചു. അനധികൃത കുട്ടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സേവ് മണിപ്പൂർ എന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധം നടക്കുന്നത്. അതിനിടെ കലാപ ബാധിത മേഖലകളിൽ നിന്ന് 11,000 പേരെ ഒഴിപ്പിച്ചു. ഇവർക്ക് ഭക്ഷണവും താമസവും വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.