മംഗളൂരു സ്ഫോടനക്കേസ് പ്രതി 5 ദിവസം ആലുവയില്‍ താമസിച്ചു, ഫേസ് വാഷും ടമ്മി ട്രിമ്മറും വാങ്ങി, ദുരൂഹത
ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.
കൊച്ചി: മംഗളൂരൂ പ്രഷർ കുക്കർ ബോബ് സ്ഫോടനക്കേസിൽ പ്രതിയായ ഷാരിഖ് ആലുവയിൽ താമസിച്ചത് അഞ്ച് ദിവസമെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വാക്‍ഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ഇവിടുത്തെ ഒരു ലോഡ്ജിൽ തങ്ങിയത്. ഇത് എന്തിനുവേണ്ടിയെന്നാണ് അന്വേഷിക്കുന്നത്. ശരീരവണ്ണം കുറയ്ക്കുന്നതിനുളള ചില വസ്തുക്കളും ഫേസ്‍വാഷും ഓൺലൈനായി ഇവിടെവെച്ച് ഷാരീഖ് വാങ്ങിയിട്ടുണ്ട്. പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്നുമാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്.
അതേസമയം ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എ ഡി ജി പി അലോക് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നതടക്കം അന്വേഷണത്തിൽ വ്യക്തമായെന്നാണ് എ ഡി ജി പി പറഞ്ഞത്. മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കർണാടക പൊലീസ് പറയുന്നു.
സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവർക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കർണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഷാരിഖ് മാത്രമല്ല സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എ ഡി ജി പി വ്യക്തമാക്കി.