24ാം മണിക്കൂറിലും ജോയിയെ കണ്ടെത്തിയിട്ടില്ല; കരഞ്ഞ് പ്രാര്‍ത്ഥിച്ച് അമ്മ
ഇന്നലെ 11 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ മാലിന്യക്കൂമ്പാരത്തിനുള്ളിൽ കാണാതാകുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിനുള്ളിൽ കരാർ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. മാരായമുട്ടം സ്വദേശിയായ ജോയിയുടേത് അതീവ ദരിദ്ര കുടുംബമാണ്. അമ്മ മാത്രമേയുള്ളൂ ജോയിക്ക്. വീട്ടിലേക്കുള്ള പാത ദുർഘടമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഇന്നലെ പുലർച്ചെയോടെയാണ് അമ്മയോട് യാത്ര പറഞ്ഞ് ജോയി ഈ വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയത്.
ഇന്നലെ 11 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ മാലിന്യക്കൂമ്പാരത്തിനുള്ളിൽ കാണാതാകുന്നത്. ഇതേവരെ ആശ്വാസകരമായ വാർത്തയൊന്നും ജോയിയുടെ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയാണ് ജോയി. ഏത് ജോലിക്കും ആര് വിളിച്ചാലും പോകും. എന്ത് സഹായത്തിനും ഓടിയെത്തുന്ന ആളാണ് ജോയിയെന്നും നാട്ടുകാർ പറയുന്നു.
ജോലിയില്ലാത്ത സമയത്ത് ആക്രി പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. ജോയിയുടെ കടുംബത്തെ കൈവിടില്ലെന്നും വീട് വെച്ച് നൽകുമെന്നും സ്ഥലം എംഎൽഎ സികെ ഹരീന്ദ്രൻ പറഞ്ഞു. വെള്ളത്തിനോട് ഭയമൊന്നും ഉളള ആളല്ല ജോയി. എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേ സമയം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിക്കായി തെരച്ചിൽ തുടരുകയാണ്. അപകട സാധ്യത കൂടുതലായതിനാൽ മാൻഹോളിലിറങ്ങിയുള്ള പരിശോധന അവസാനിപ്പിച്ചിരിക്കുകയാണ്. എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ധൻ ടണലിന് അടിയിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. മുങ്ങൽ വിദഗ്ധൻ ഉൾപ്പെടെ 30 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. തോടിന്റെ കരകളിലും പരിശോധിക്കുന്നുണ്ട്. തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത് മാലിന്യക്കൂമ്പാരമാണ്.