പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആൾക്കൂട്ടത്തിൽ നിന്നയാളെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു; നില ഗുരുതരം
പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ വെൻ്റിലേറ്ററിൽ ചികിത്സയിൽ
മലപ്പുറം: തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പിക്കയിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ആൾ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ്. പിന്നീട് രാത്രി 1.45 ഓടെ പാപ്പാന്മാർ ആനയെ തളച്ചു. ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി. നേർച്ച ഇന്ന് പുലർച്ചെ സമാപിച്ചു.