ശബരിമലയിൽ വൻ സുരക്ഷാ വീഴ്‌ച; സന്നിധാനത്തെ ശാസ്താ ഹോട്ടലിലെ ജീവനക്കാരൻ അറസ്റ്റിൽ; പിടിച്ചെടുത്തത് വിദേശമദ്യം
ശബരിമല സന്നിധാനത്തെ ഹോട്ടലിന് സമീപത്ത് നിന്ന് ജീവനക്കാരനെ വിദേശമദ്യവുമായി പൊലീസ് പിടികൂടി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ.
പൂർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശിയാണ് ഇയാൾ. ഓച്ചിറ മേമന എന്ന സ്ഥലത്ത് നാടലയ്ക്കൽ വടക്കതിൽ എന്ന വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്ന് വൈകിട്ട് ജോലി ചെയ്യുന്ന ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്.