മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി, ഇരുവരെയും കണ്ടെത്തിയത് ഗുരുവായൂരിൽ നിന്ന്

എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും. 

Mami missing case driver and wife found from guruvayoor

കോഴിക്കോട് :  ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും. 

ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായെന്ന് കാണിച്ച് കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. നടക്കാവ് പൊലീസ് സംഭവത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.

കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി നേരെ പോയത് റയിൽവെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂർ എത്തി. 

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല! വ്യാപക തെരച്ചില്‍, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.  

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios