ബെംഗളൂരുവിൽ ഹോസ്റ്റൽ മുറിക്കുള്ളിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
റൂംമേറ്റ് അസുഖം ബാധിച്ച് അവധിയിലായതിനാൽ 15 ദിവസമായി അനാമിക ഒറ്റയ്ക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മലയാളത്തിൽ എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു
![Malayali Nursing student found dead in Bengaluru hostel room Malayali Nursing student found dead in Bengaluru hostel room](https://static-gi.asianetnews.com/images/01jkegf1why73d34a98mtznsta/anamika_363x203xt.jpg)
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയും കനകപുരയിലെ ദയാനന്ദ സാഗർ സർവകലാശാലയിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ അനാമിക വിനീത് എന്ന വിദ്യാർഥിയെയാണ് രാമനഗരയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
കോളേജ് അധികൃതരുടെ സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കോളേജ് അധികൃതർ ആരോപണങ്ങൾ നിഷേധിച്ചതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ക്ലാസ് പരീക്ഷക്കിടെ അനാമിക മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നു. അധ്യാപകൻ അത് ശ്രദ്ധിക്കുകയും പിടിച്ചെടുത്ത് പ്രിൻസിപ്പലിന് നൽകുകയും ചെയ്തു. ഈ വിഷയത്തിൽ അനാമികയെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് അനാമികയെ അവസാനമായി കണ്ടത്. മുറിയിൽ നിന്ന് പ്രതികരണം ഇല്ലാതായതോടെ ഹോസ്റ്റലിൽ താമസിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അധികൃതർ ഫോണിലേക്ക് വിളിച്ചപ്പോൾ പൂട്ടിയ മുറിക്കുള്ളിൽ നിന്ന് റിംഗ് ചെയ്യുന്നത് കേട്ടു. മാസ്റ്റർ കീ ഉപയോഗിച്ച് അകത്ത് കടന്നാണ് അനാമികയെ ആശുപത്രിയിലെത്തിച്ചത്. റൂംമേറ്റ് അസുഖം ബാധിച്ച് അവധിയിലായതിനാൽ 15 ദിവസമായി അനാമിക ഒറ്റയ്ക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മലയാളത്തിൽ എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)