പ്രതീക്ഷയുടെ ഒരു മണിക്കൂർ, അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ, കണ്ടെത്തിയാലുടൻ എയർലിഫ്റ്റ്

അർജുന്‍റെ ജീവൻ മാത്രമല്ല മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരുടെ ജീവനും എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സഹോദരൻ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Malayali lorry driver missing in landslide in Shirur, An hour of hope, at a critical juncture in the search for Arjun, airlifted as soon as he was found

ഷിരൂര്‍ (കര്‍ണാടക): കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്‍റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.

അധികം വൈകാതെ ഇക്കാര്യം അറിയാമെന്നാണ് കരുതുന്നതെന്നും കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തിയാല്‍ എയര്‍ ലിഫ്റ്റിങ് ചെയ്യുമെന്നും അതിനായുള്ള ഒരുക്കം നടക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. എയര്‍ ലിഫ്റ്റ് ചെയ്യാൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. രാവിലെ 11ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തകനായ മലയാളി രഞ്ജിത്ത് ഇസ്രായേല്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാൻ ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും  ഇന്ന് ഷിരൂരിലെത്തുക. അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്.

റഡാറിൽ ലോഹഭാഗം തെളിഞ്ഞ  സ്ഥലത്തെ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ലോറി ലൊക്കേറ്റ് ചെയ്താല്‍ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് രക്ഷാപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത് ഇസ്രായേല്‍ പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.


ഷിരൂരിൽ എത്തുന്ന സൈന്യം നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ഡിആര്‍എഫ് സംഘവുമായി ചര്‍ച്ച നടത്തുമെന്ന് കേരള -കര്‍ണാടക സബ് ഏരിയ കമാന്‍റര്‍ മേജര്‍ ജനറല്‍ വിടി മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ണിന്റെ ഘടന, കാലാവസ്ഥ, കൂടുതൽ മണ്ണിടിച്ചിലിന് ഉള്ള സാധ്യത, റഡാറിൽ കണ്ട വസ്തു ട്രക്ക് തന്നെ എന്ന് ഉറപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ആകും മുന്നോട്ട് പോകുക. കേരള - കർണാടക ഏരിയ കമാന്ററുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഏകോപനം നിർവഹിക്കും. എൻഡിആർഎഫുമായി ചർച്ച ചെയ്ത് ആർമി ടീം പ്രാഥമിക റിപ്പോർട്ട് ബംഗളുരു സൈനിക ആസ്ഥാനത്തേക്ക് നൽകും. തുടര്‍ന്ന് അതനുസരിച്ചായിരിക്കും രക്ഷാ പ്രവർത്തനം എങ്ങനെ തുടങ്ങണം എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞ‌ു.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ മെല്ലെപോക്കിനെതിരെ അര്‍ജുന്‍റെ കുടുംബം

സഹോദരനെ കാണുന്നില്ലെന്ന് പരാതി പറയാനെത്തിയപ്പോൾ കര്‍ണാടക പൊലീസുകാര്‍ റീല്‍സ് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോഴാണ് ദൗത്യം വേഗത്തിലായതെന്നും അര്ജുന്‍റെ ഭാര്യ സഹോദരൻ ജിതിൻ പറഞ്ഞു.  കര്‍ണാടക പൊലീസിന് കൈക്കൂലി വാങ്ങാനെ അറിയുവെന്നും ആളെ രക്ഷിക്കാൻ അറിയില്ലെന്നും സിഗ്നല്‍ കിട്ടിയ സ്ഥലത്ത് അര്‍ജുൻ ഉണ്ടെന്ന് 70ശതമാനം ഉറപ്പാണെന്നും ജിതിൻ പറഞ്ഞു. ഇതിനിടെ, രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് അർജുന്‍റെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. തണ്ണീർപ്പന്തലിൽ നാട്ടുകാരുടെ പ്രതിഷേധ സംഗമം ആരംഭിച്ചു.

അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ലെന്ന് അർജുന്‍റെ സഹോദരൻ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെയാണ് രക്ഷാപ്രവർത്തനത്തിൽ ഒരു പ്രതീക്ഷ വന്നത്. അർജുന്‍റെ ജീവൻ മാത്രമല്ല മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരുടെ ജീവനും എത്രയും വേഗം രക്ഷപ്പെടുത്തണമെന്നും പ്രസാദ് പറഞ്ഞു.

 പ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വാർത്ത കണ്ടും അല്ലാതെയും ആർമി ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നുമാണ് കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചിരുന്നത്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്. 

അർജുന് വേണ്ടിയുളള തെരച്ചിൽ മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഷിരൂരില്‍ കനത്ത മഴ പെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായത്.

മണ്ണിടിഞ്ഞുവീണ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം. ഇന്നലെ സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. 

അര്‍ജുനായി തെരച്ചില്‍ ആറാം നാള്‍, കൂടുതല്‍ ആഴത്തിൽ മണ്ണെടുക്കുന്നു; രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios