08:16 AM (IST) Feb 14

മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിന് പതിനാലാം സ്ഥാനം

മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിന് പതിനാലാം സ്ഥാനം. 13 സ്വർണവും 17 വെള്ളിയും 25 വെങ്കലവും ഉൾപ്പടെ 54 മെഡലാണ് കേരളം നേടിയത്. 68 സ്വർണമടക്കം 121 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവരാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ. കഴിഞ്ഞ ഗെയിംസിൽ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവും ഉൾപ്പടെ 87 മെഡലുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം

08:15 AM (IST) Feb 14

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കമാവും

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കമാവും. ഗുജറാത്ത് ജയന്റ്സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വഡോദരയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.

08:15 AM (IST) Feb 14

ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിൽ തുടക്കമാവും

ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിൽ തുടക്കമാവും. നിലവിലെ ചാന്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. സൺറൈസേഴ്സ് ഹൈദരാബാദ് മാർച്ച് 23ന് ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. പൂർണ മത്സരക്രമം ബിസിസിഐ വരും ദിവസങ്ങളിൽ പുറത്തിറക്കും. മേയ് 25ന് കൊൽക്കത്തയിലാണ് ഫൈനൽ

08:14 AM (IST) Feb 14

പഠനത്തോടൊപ്പം പാനി പൂരി വിൽപ്പനയും നടത്തി കാലടി സംസ്കൃത സർവകലാശാലയിലെ ബിഎ മ്യൂസിക് വിദ്യാർത്ഥി

പഠനത്തോടൊപ്പം പാനി പൂരി വിൽപ്പനയും നടത്തുകയാണ് ഒരു മിടുക്കൻ. കാലടി സംസ്കൃത സർവകലാശാലയിലെ ബിഎ മ്യൂസിക് വിദ്യാർത്ഥി പ്രണവ് കർമ്മയാണ് പഠനത്തിനൊപ്പം രുചികരമായ ഭക്ഷണവും വിളമ്പുന്നത്. കോളേജിൽ ക്ലാസിന് ശേഷം വൈകുന്നേരങ്ങളിലാണ് പാനി പൂരി വിൽപ്പന.

08:11 AM (IST) Feb 14

കാട്ടാനശല്യം, കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ഭയപ്പെട്ട് പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ

പട്ടാപകൽ അങ്കണവാടി വരെ കാട്ടാന എത്തിയതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ഭയപ്പെടുകയാണ് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. നിരന്തരമായി പരാതിപ്പെട്ടിട്ടും ,സുരക്ഷ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും ആദിവാസികൾ പറയുന്നു.

08:09 AM (IST) Feb 14

മസ്തകത്തിൽ പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിന് കോടനാടെ കൂട് അനുയോജ്യമാണോയെന്ന് അരുൺ സക്കറിയ ഇന്ന് പരിശോധിക്കും

മസ്തകത്തിൽ പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിന് കോടനാടെ കൂട് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ ഡോ. അരുൺ സക്കറിയ ഇന്ന് എത്തും. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് പരിശോധിക്കുന്നത്.കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ ആരംഭിക്കും. കുങ്കി ആനകളെയും ഇത്തവണത്തെ ദൗത്യത്തിന് ഉപയോഗിക്കുന്നുണ്ട്. ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്.ആന നിലവിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.പ്ലാന്റേഷനിലെ എണ്ണപ്പന തോട്ടങ്ങളിലും , ചാലക്കുടി പുഴയുടെ തീരങ്ങളിലുമായാണ് ആനയുള്ളത്.

08:07 AM (IST) Feb 14

ഓർത്തഡോക്സ് യാക്കോബായ സഭാതർക്ക കേസിൽ‍ ഇനി പരിഗണിക്കേണ്ട ഏഴു കാര്യങ്ങൾ വ്യക്തമാക്കി സുപ്രീം കോടതി

ഓർത്തഡോക്സ് യാക്കോബായ സഭാതർക്ക കേസിൽ‍ ഇനി പരിഗണിക്കേണ്ട ഏഴു കാര്യങ്ങൾ വ്യക്തമാക്കി സുപ്രീം കോടതി. നേരത്തെ നൽകിയ വിധികളിൽ‍ സുപ്രീം കോടതി നിർദ്ദേശിച്ച തത്വങ്ങളുടെയോ തീർപ്പാക്കിയ വിഷയങ്ങളുടെയോ യഥാർഥ അർഥമെന്താണ്. സുപ്രീം കോടതിയുടെ ഉത്തരവ് ഏതൊക്കെ കക്ഷികൾക്ക് ബാധകമാകും, മതപരമായ വിഷയം സംബന്ധിച്ച തർക്കങ്ങളിൽ സ്ഥലം ഏറ്റെടുക്കാൻ സർക്കാരിനോട് ഹൈക്കോടതിക്ക് നിർദ്ദേശിക്കാനാകുമോ, ഇക്കാര്യത്തിൽ എത്രത്തോളം ഇടപെടൽ നടത്താൻ കോടതിക്ക് കഴിയും തുടങ്ങിയ വിഷയങ്ങളാണ് ഹൈക്കോടതി പരിഗണിക്കേണ്ടത്.

08:05 AM (IST) Feb 14

വടകരയിൽ 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ അപകടക്കേസിൽ പ്രതി ഷെജിലിനെതിരായ കുറ്റപത്രം ഇന്ന്

വടകരയിൽ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വടകര പൊലീസ് എടുത്ത കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിച്ചേക്കും. നാദാപുരം പൊലീസ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും പ്രതി ഷെജീലിന് ജാമ്യം ലഭിച്ചിരുന്നു

08:03 AM (IST) Feb 14

റാഗിങ്ങിന് ‍ ഇരയായി സിദ്ധാർത്ഥൻ മരിച്ചിട്ട് ഒരു വർഷം ആകുമ്പോഴും ഇത്തരം ക്രൂരതകൾക്ക് യാതൊരു മാറ്റവും ഇല്ലെന്ന് കുടുംബം

പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിന് ‍ ഇരയായി സിദ്ധാർത്ഥൻ മരിച്ചിട്ട് ഒരു വർഷം ആകുമ്പോഴും ഇത്തരം ക്രൂരതകൾക്ക് യാതൊരു മാറ്റവും ഇല്ലെന്ന് സിദ്ധാർത്ഥന്റെ കുടുംബം. സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും കുടുംബം. സിദ്ധാർത്ഥന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്ക് കോടതി ഉത്തരവിനെ തുടർന്ന് പഠനം തുടരാൻ അവസരം കിട്ടിയിരുന്നു.

08:00 AM (IST) Feb 14

കൊല്ലത്ത് ഒത്തുതീർപ്പായ കേസിൽ ഗൃഹനാഥനെ അർദ്ധരാത്രി കസ്റ്റഡിയിൽ എടുത്തതിനെതിരെ ഡിജിപിക്ക് പരാതി

ഒത്തുതീർപ്പായ കേസിൽ അർദ്ധരാത്രി വീട്ടിൽ കയറി ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി കുടുംബം. മുഖ്യമന്ത്രിക്കും പരാതി നൽകും. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം പള്ളിമൺ സ്വദേശി അജിയുടെ വീട്ടിൽ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. വസ്ത്രം മാറാൻ പോലും സമയം നൽകാതെ ഭാര്യയ്ക്കും പെൺമക്കൾക്കും മുന്നിൽ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയെന്നും പരാതിക്കാരൻ പറയുന്നു. 12 മണിയ്ക്ക് കസ്റ്റഡിയിൽ എടുത്ത അജിയെ പുലർച്ചെ 3 മണിയോടെ ജാമ്യത്തിൽ വിട്ടു. കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിൻ്റെ വിശദീകരണം

07:57 AM (IST) Feb 14

കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ അന്വേഷണം ഊർജിതം, കോളേജിലും ഹോസ്റ്റലിലും അന്വേഷണസംഘം ഇന്ന് പരിശോധന നടത്തും

കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ പൊലീസ് അന്വേഷണം ശക്തമാക്കുന്നു. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. നിലവിൽ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടൻ കസ്റ്റിയിൽ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നൽകുക

07:55 AM (IST) Feb 14

കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്, ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് നിഗമനം

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.സംഭവത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്.

07:53 AM (IST) Feb 14

പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് വഴി തെളിക്കുന്ന നടപടി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് വഴി തെളിക്കുന്ന നടപടി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും എതിരെ അമേരിക്ക തന്നെ പുതിയ തീരുവകൾ ചുമത്തി തിരിച്ചടിക്കുമെന്ന് ട്രംപ്. ഇന്ത്യ അധിക തീരുവ ഈടാക്കുന്ന രാജ്യമാണെന്നും ട്രംപ്.