മലയാളം മിഷന്‍റെ നീലക്കുറുഞ്ഞി; ഇന്ത്യയിൽ ആദ്യമായി മാതൃഭാഷാ തുല്യതയ്ക്കായി പരീക്ഷയെഴുതി മറുനാട്ടുകാർ
വിവിധ ബോര്‍ഡുകളുടെ കീഴില്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്ന പ്രവാസി കുട്ടികള്‍ക്ക് മലയാളം പഠിക്കാനുള്ള അവസരമൊരുക്കാനാണ് പദ്ധതി
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മാതൃഭാഷാ തുല്യതയ്ക്കായി പരീക്ഷ എഴുതി പ്രവാസി മലയാളികൾ. മറ്റു സംസ്ഥാനങ്ങളിൽ ബോർഡ് പരീക്ഷ എഴുതിയവർക്ക് പത്താം ക്ലാസിന് തുല്യമായ കോഴ്സ് നൽകാനാണ് മലയാളം മിഷന്റെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ സംഘടിപ്പിച്ചത്. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെയും ഗൾഫ് രാജ്യത്തെയും പ്രവാസികൾ പരീക്ഷയുടെ ഭാഗമായി.
മാതൃഭാഷയെ അടുത്തറിയാനാണ് മലയാളം മിഷൻ പദ്ധതി ആരംഭിച്ചത്. വിവിധ ബോര്‍ഡുകളുടെ കീഴില്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്ന പ്രവാസി കുട്ടികള്‍ക്ക് മലയാളം പഠിക്കാനുള്ള അവസരമൊരുക്കാനായിരുന്നു പദ്ധതി. 2019 ൽ ആരംഭിച്ച പദ്ധതിക്ക് പ്രവാസി മലയാളികളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണ്.
17 മുതൽ 35 വയസ് വരെയുള്ള ഐടി മേഖലയിലുള്ളവരും ഡോക്ടർമാരുമെല്ലാം പരീക്ഷ എഴുതി. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങള്‍. തമിഴ്നാട്ടിൽ മൂന്നു സെന്ററുകളിലും മുംബൈ, ഗോവ, ഡൽഹി, ബഹറിൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഓരോ സെന്ററുകളിലും കുട്ടികൾ പരീക്ഷ എഴുതി. ആകെ പരീക്ഷ എഴുതിയത് 152 വിദ്യാർത്ഥികളാണ്.
ആകെ 10 വർഷത്തെ കോഴ്സ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാണ് അവസാന പരീക്ഷ എഴുതാനാവുക. പാഠ്യ പദ്ധതിയും പാഠപുസ്തകങ്ങളും എസ് സി ഇ ആര്‍ ടി അംഗീകരിച്ചതാണ്. 5000ത്തോളം ഭാഷാ പ്രവര്‍ത്തകരാണ് അദ്ധ്യാപകര്‍.